നവജാത ശിശുക്കള്‍ക്ക് അണുബാധ സ്ഥിരീകരിച്ചു

തൊടുപുഴ: താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. നാലു ദിവസത്തിനിടെ അണുബാധയെ തുടര്‍ന്ന് ഏഴു കുരുന്നുകളെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഹോസ്പിറ്റല്‍ കണ്‍ട്രോള്‍ കമ്മിറ്റി തീരുമാനിച്ചു.
നവജാത ശിശുക്കള്‍ക്ക് അണുബാധയുണ്ടായെന്ന വാര്‍ത്ത തേജസാണ് പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയെ തുടര്‍ന്നു കുട്ടികളുടെ വിഭാഗം ഡോക്ടര്‍മാരോട് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി വിശദീകരണം തേടിയിരുന്നു. പ്രസവ വാര്‍ഡുകളിലെ അനിയന്ത്രിതമായ സന്ദര്‍ശകരാണ് അണുബാധയ്ക്കു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇവരെ നിയന്ത്രിക്കാന്‍ എയ്ഡ് പോസ്റ്റുണ്ടെങ്കിലും അവിടെ പോലിസ് എത്തുന്നില്ല.
കഴിഞ്ഞ മാസം 64 പ്രസവങ്ങളാണ് ആശുപത്രിയില്‍ നടന്നത്. ഏഴു കുഞ്ഞുങ്ങള്‍ക്ക് അണുബാധയുണ്ടായി. ഇവരെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്തു. ഇതില്‍ ഒരു കുട്ടിയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ബാക്കിയുള്ളവര്‍ക്ക് പനിയുമായിരുന്നു. നവജാത ശിശുക്കളെ പുറത്തുള്ള ലാബില്‍ കൊണ്ടുപോയി പരിശോധന നടത്താറുണ്ട്. പുറത്ത് നിന്നു സിറിഞ്ചുകളും മറ്റ് ഉപകരണങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം അണുബാധയ്ക്കു കാരണമാവുന്നതായി ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
പോലിസ് ഇല്ലാത്ത സാഹചര്യത്തില്‍ സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി അറിയിച്ചു.
Next Story

RELATED STORIES

Share it