നവജാതശിശുവിന്റെ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം തോട്ടില്‍

കുമളി: നവജാതശിശുവിന്റെ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് കുമളി ടൗണിനു സമീപത്തുള്ള കുളത്തുപാലം തോട്ടില്‍ സമീപവാസികള്‍ മൃതദേഹം കണ്ടത്.
കുമളിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴുകി തേക്കടിയില്‍ എത്തിച്ചേരുന്ന തോട്ടിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. പ്രദേശവാസിയായ അനീഷിന്റെ അഞ്ചു വയസ്സുള്ള മകന്‍ അഭിനവ് കളിക്കാനായി വീടിനു പിന്‍വശത്തെ തോടിന് സമീപം പോയിരുന്നു. മനുഷ്യരൂപത്തിലുള്ള കളിപ്പാട്ടമാണെന്ന ധാരണയില്‍ കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമളി സിഐ കെ ബി ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം തോട്ടില്‍ നിന്നു പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ടെന്നാണു നിഗമനമെന്നു പോലിസ് പറഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ജീര്‍ണിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ കുട്ടി ആണോ, പെണ്ണോയെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കുമളിയുടെ സമീപപ്രദേശങ്ങളായ സ്പ്രിങ് വാലി, ഒട്ടകത്തലമേട്, നൂലാംപാറ, പത്തുമുറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുളത്തുപാലം തോട്ടിലൂടെ ഒഴുകി തേക്കടി തടാകത്തിലാണ് എത്തിച്ചേരുന്നത്. ഈ പ്രദേശങ്ങളിലുള്ള ആരെങ്കിലുമോ, അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരോ ആകാം മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ചതെന്നാണ് പോലിസിന്റെ നിഗമനം.
സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ഒരു എസ്‌ഐയുടെ നേതൃത്വത്തി ല്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒപ്പം ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സംഘവും ഈ കേസ് അന്വേഷിക്കും.

Next Story

RELATED STORIES

Share it