kozhikode local

നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം ഇന്നു വിദ്യാലയങ്ങളില്‍ വായിക്കും



കോഴിക്കോട്: നവകേരള സൃഷ്ടിക്കായുളള വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു കൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ഇന്ന് ജില്ലയിലെ വിദ്യാലയങ്ങളില്‍ വായിക്കും. ജില്ലാതല പരിപാടി കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കുളള നെയിം സ്ലിപ്പുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിന് ലക്ഷ്യമിടുന്നതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. കാടും മലയും പുഴയും വയലും കായലും അറബികടലും ചേര്‍ന്ന് അനുഗ്രഹിച്ച കേരളത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുകയാണ് മുഖ്യമന്ത്രി. പ്രാണവായുവും ജലവും കൂടുതല്‍ ലഭിക്കാന്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു. ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറികളുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാവുന്നതിനും ജലസ്രോതസ്സുകള്‍ വരും തലമുറയ്ക്കു വേണ്ടി കരുതിവയ്ക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.വിദ്യാര്‍ത്ഥികളുടെ മികച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തെരഞ്ഞെടുത്ത്  സമ്മാനങ്ങള്‍ നല്‍കും.ജില്ലാതല പരിപാടിയില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍,  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരിഷ് ചോലയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, എസ്എസ്എ കോ-ഓര്‍ഡിനേറ്റര്‍ എം ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it