നവകേരളത്തിന് കെയര്‍ കേരളപദ്ധതിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: പ്രളയദുരന്തത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് കരുത്തുപകര്‍ന്ന് സഹകരണ വകുപ്പ്. വീടും സ്വത്തുവകകളും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമെന്ന അടിയന്തര ദൗത്യം നിര്‍വഹിക്കുന്നതിന് 15000ലധികം സംഘങ്ങളും ഫങ്ഷനല്‍ രജിസ്ട്രാര്‍മാര്‍ക്കു കീഴിലുള്ള 7500ലധികം സംഘങ്ങളും (പാല്‍, കൈത്തറി, വ്യവസായം, മല്‍സ്യം തുടങ്ങിയവ) പങ്കാളികളാവുകയാണ്.സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന “കെയര്‍ കേരള’ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒന്നാംഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണമായും വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ചു നല്‍കും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കെയര്‍ ഹോം പദ്ധതി ആവിഷ്‌കരിച്ചത്. ഒരു വീടിന് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കും. മൊത്തം പദ്ധതിച്ചെലവ് 75 കോടി രൂപ വരും. സ്ഥലത്തെ പ്രാഥമിക സംഘങ്ങള്‍ അല്ലെങ്കില്‍ ശക്തമായ മറ്റു സഹകരണ സംഘങ്ങള്‍ എന്നിവയെ നിര്‍മാണച്ചുമതല ഏല്‍പിക്കും. പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യവും സാമ്പത്തിക സ്ഥിതിയും എന്നിവയ്ക്കനുസരിച്ച് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കും. ഇതിനായി എന്‍ജിനീയറിങ് വിദഗ്ധര്‍, എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. ആരംഭിച്ച് മൂന്നുമാസത്തിനകം വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. വീടിന്റെ വിസ്തൃതി 600 ചതുരശ്രയടിയില്‍ കുറയാന്‍ പാടില്ല. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാവും വീടുകളുടെ രൂപകല്‍പന. വീട് നിര്‍മിക്കുമ്പോള്‍ അതിന്റെ ഉറപ്പ്, പരിസ്ഥിതി വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത എന്നിവ ഉറപ്പാക്കും. അടിസ്ഥാന സൗകര്യങ്ങള്‍- കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും ഉള്‍പ്പെടുത്തും. ഈ മാസം തന്നെ വീടു പണി ആരംഭിക്കും. ജില്ലാ ഭരണകൂടം നല്‍കുന്ന ലിസ്റ്റിനനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുക. സര്‍ക്കാരിന്റെ മേല്‍നോട്ടം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയ ദുരന്ത ബാധിതര്‍ക്ക് വായ്പാ പദ്ധതി നടപ്പാക്കും. കുടുംബശ്രീ യൂനിറ്റുകളിലൂടെ ഒമ്പതു ശതമാനം പലിശനിരക്കിലായിരിക്കും ഈ വായ്പകള്‍ ഗുണഭോക്താക്കളിലെത്തിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പിഎസിഎസ് അസോസിയേഷന്‍ പ്രസിഡന്റ് വി ജോയ് എംഎല്‍എ, സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാര്‍ എസ് ഷാനവാസ് യോഗത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it