നവകേരളം വരുന്നതെവിടെ?

നവകേരളം വരുന്നതെവിടെ?
X


പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റത് ഇടതുപക്ഷ രീതിശാസ്ത്രത്തിനു നിരക്കാത്ത ഒരു പത്രപ്പരസ്യവുമായാണ്- 'പിണറായി വിജയന്‍ സര്‍ക്കാര്‍' അധികാരമേല്‍ക്കുന്നു എന്ന് ദേശീയമാധ്യമങ്ങളിലെ ഒന്നാം പേജില്‍ വിളംബരം ചെയ്തുകൊണ്ട്. കേരള സര്‍ക്കാരിന്റെ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് നല്‍കിയ പരസ്യം പലരുടെയും നെറ്റി ചുളിച്ചു. ''കേരളത്തിലെ സര്‍ക്കാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ളതാണ്. ഏതെങ്കിലും വ്യക്തിയുടെ സര്‍ക്കാരല്ല. ഈ തെറ്റ് ആവര്‍ത്തിച്ചുകൂടാ''- സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പുത്തരിയിലെ കല്ലുകടി പരസ്യമായി പ്രകടിപ്പിച്ചു.പുതിയ സര്‍ക്കാരില്‍ വരാന്‍ പോവുന്ന ഘടനാപരവും നയപരവുമായ വലതുവല്‍ക്കരണത്തിന്റെ സൂചനയായിരുന്നു പരസ്യം. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചുള്ള ഭരണശൈലി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന മാധ്യമ പരസ്യങ്ങളിലൊന്നിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്ല. പകരം 'നവകേരളത്തിന്റെ ഒന്നാംവര്‍ഷ'മാണുള്ളത്. മുഖ്യമന്ത്രിയുടെ ചിത്രം കൂടി ചേരുമ്പോള്‍ 'പിണറായി വിജയന്‍ സര്‍ക്കാര്‍' എന്നുതന്നെയായി. നവകേരളത്തിന്റെ തന്നെ അര്‍ഥവും ലക്ഷ്യവും എന്താണ്? എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ സംസ്ഥാനം നവകേരളമായെന്നോ? കാലാവധി കഴിയുന്നതോടെ നവകേരളവും ഇല്ലാതാവുമെന്നോ? ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭരണം 28ാം മാസത്തില്‍ അവസാനിപ്പിച്ചപ്പോള്‍ കാര്‍ഷികപരിഷ്‌കരണവും മിച്ചഭൂമി വിതരണവും അധികാരവികേന്ദ്രീകരണവും മറ്റും സ്തംഭിച്ചതുപോലെ. പരസ്യത്തിലെ തലക്കെട്ടിന്റെ മാത്രം പ്രശ്‌നമല്ലിത്. സര്‍ക്കാര്‍ പുതിയൊരു പാളത്തിലൂടെ കുതിക്കുകയാണ്. രാഷ്ട്രീയ-സാമ്പത്തിക- ഭരണനയങ്ങളിലെ മാറ്റമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് സിപിഎം തനിച്ച് ഒരു 'നവകേരളയാത്ര' നടത്തിയതിന്റെ തുടര്‍ച്ചയാണിത്. ഒന്നാം വാര്‍ഷിക റോഡ്‌ഷോയിലും 'സര്‍ക്കാര്‍ എന്നാല്‍ പിണറായി' എന്ന ആശയമാണ് മുഴങ്ങുന്നത്. ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെയും തുടര്‍ന്നുവന്ന ഇടതുമുന്നണി ഗവണ്‍മെന്റുകളുടെയും തുടര്‍ച്ച അനുഭവപ്പെടാത്തത് അതുകൊണ്ടാണ്. ഗവണ്‍മെന്റിന്റെ പല നയങ്ങളും നിലപാടുകളും എല്‍ഡിഎഫിന്റേതല്ലെന്ന് സിപിഐക്കും കാനം രാജേന്ദ്രനും ആവര്‍ത്തിച്ചു പറയേണ്ടിവരുന്നത് വെറുതെയല്ല. ഈ ഗവണ്‍മെന്റ് ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവും തുറന്നു സമ്മതിക്കുന്നു. ഗവണ്‍മെന്റിന്റെ മുഖം വികൃതമാക്കിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വകുപ്പ് കൈയാളാന്‍ മറ്റൊരു മന്ത്രി അനിവാര്യമാണെന്ന് ഒരു വര്‍ഷത്തെ ഭരണം തെളിയിച്ചു. ഗവണ്‍മെന്റിനെ ഏകോപിപ്പിക്കുന്ന, ദേശീയനയങ്ങള്‍ രൂപപ്പെടുത്തുന്ന ചുമതല കൈയാളാന്‍ മുഖ്യമന്ത്രി പിണറായിയെ സ്വതന്ത്രനാക്കാനും അതു കൂടിയേ തീരൂ. അങ്ങനെ ചെയ്യാന്‍ പക്ഷേ, സിപിഎം നേതൃത്വത്തിന് പ്രാപ്തിയില്ല. അതാണു തന്റെ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പരാജയമെന്ന് തിരിച്ചറിയേണ്ടത് പിണറായി വിജയന്‍ തന്നെയാണ്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ നയിച്ച മന്ത്രിസഭകളുടെയും മുന്നണികളുടെയും രൂപവും ഘടനയും അതേപോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയില്‍ കേന്ദ്രീകൃതമായ ഒരു മന്ത്രിസഭയാണ് ഇപ്പോഴത്തേത്. നേരത്തേ നരേന്ദ്രമോദി പ്രയോഗത്തില്‍ വരുത്തിയ, ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രകടമാക്കുന്ന മുതലാളിത്ത പ്രതിസന്ധികാലത്തെ പുതിയൊരു സൂത്രഭരണ പ്രതിഭാസം. അതിന്റെ ചെറിയൊരു കണ്ണാടി പ്രതിച്ഛായ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വര്‍ഷത്തിനകം സൃഷ്ടിച്ചത്. ട്രംപ് എല്ലാവരെയും അതിശയിപ്പിച്ച് ആദ്യ വിദേശസന്ദര്‍ശനത്തിനു പറന്നിറങ്ങിയത് സൗദി അറേബ്യയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും ആദ്യ വിദേശസന്ദര്‍ശനം നടത്തിയത് ബഹ്‌റയ്ന്‍ ഭരണാധികാരികളെ കാണാനായിരുന്നു. മാത്രമല്ല, ബഹ്‌റയ്‌നുമായി ഉടമ്പടിക്ക് തത്തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന സാംസ്‌കാരിക,സാങ്കേതിക, ടൂറിസ, ആരോഗ്യവിഷയങ്ങളില്‍ ഉഭയകക്ഷി ധാരണപോലുമുണ്ടാക്കി.ഇതില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കോ എല്‍ഡിഎഫിനോ എന്തെങ്കിലും അറിവോ പങ്കാളിത്തമോ ആരും ആരോപിക്കാനിടയില്ല; മുഖ്യമന്ത്രിയും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെട്ട സംഘത്തെ നയിച്ച് ബന്ധം ഊട്ടിയുറപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉപദേശികളിലും പ്രവാസി വ്യവസായപ്രമുഖരിലുമല്ലാതെ. പാകിസ്താനെപ്പോലെ ബഹ്‌റയ്‌നും അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സവിശേഷ സുഹൃത്തും നാറ്റോവില്‍ വിശിഷ്ട അംഗത്വവുമുള്ള രാജ്യമാണ്. അതിന്റെ സവിശേഷ രാഷ്ട്രീയവും തന്ത്രപ്രാധാന്യവും എല്‍ഡിഎഫ് നേതൃത്വം ഇനിയും മനസ്സിലാക്കാനിരിക്കുന്നു.ഒരു വര്‍ഷത്തെ ഭരണനേട്ടം സംബന്ധിച്ച അവലോകനത്തില്‍ 57ലെയും 2017ലെയും കേരള ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സമാനതയെക്കുറിച്ചു വിലയിരുത്തവെ, തന്റെ ഗവണ്‍മെന്റ് ദേശീയ-സാര്‍വദേശീയ ശ്രദ്ധ നേടിയതായി മുഖ്യമന്ത്രി പറഞ്ഞു; രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും മോദി ഗവണ്‍മെന്റുമായി സഹകരിക്കുമെന്നും. ചരിത്രത്തില്‍നിന്ന് രണ്ടു പാഠങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചെടുക്കേണ്ടതുണ്ടെന്നാണ് അതിന്റെ അര്‍ഥം.അതിലൊന്ന്, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്റെ 34ാം നാള്‍ കേരള ഭരണമാറ്റത്തെപ്പറ്റി സിഐഎ തയ്യാറാക്കിയ ആദ്യ റിപോര്‍ട്ടാണ്. വെല്ലുവിളികള്‍ക്കിടയിലും ഇഎംഎസ് ഗവണ്‍മെന്റ് ഒരു മാസത്തിനകം സ്വീകരിച്ച നടപടികള്‍ ദേശീയ-സാര്‍വദേശീയതലത്തില്‍ ഉണ്ടാക്കിയ പ്രതികരണം. 12 മാസം ഭരിച്ച ഈ ഗവണ്‍മെന്റിന് സ്വന്തം മുഖംനോക്കാവുന്ന കണ്ണാടി.''രാജ്യത്തെ ദരിദ്ര സംസ്ഥാനം, കൂടിയ ജനസാന്ദ്രത, കുറഞ്ഞ വരുമാനമാര്‍ഗങ്ങള്‍, ചുരുക്കം വ്യവസായങ്ങള്‍, കടുത്ത ഭക്ഷ്യപ്രതിസന്ധി' (അന്നും ഇന്നും ഒരുപോലെ). മന്ത്രിമാര്‍ ശമ്പളം വെട്ടിക്കുറച്ചു. കൃഷിക്കാരെയും കുടികിടപ്പുകാരെയും ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്പിച്ചു. അഴിമതിയെ കടന്നാക്രമിച്ചു. സ്വകാര്യ മൂലധനം സംസ്ഥാനത്തേക്കു ക്ഷണിച്ചു.''''ഈ നില സൂക്ഷ്മമായി തുടര്‍ന്നാല്‍ സംസ്ഥാനത്തിനും അപ്പുറത്തേക്ക് ദേശീയതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ നേട്ടമാവും. കേരളത്തിലെ സാമ്പത്തികപുരോഗതി ദേശവ്യാപകമായി ആകര്‍ഷിക്കപ്പെടും. സംസ്ഥാനത്തു കാണിക്കുന്ന മിതത്വം കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വലിയ സ്വീകാര്യതയുണ്ടാക്കും. അതേസമയം, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരേ കടുത്ത പോരാട്ടം നടത്താനാണ് ഇന്ത്യാ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. എന്നാല്‍ 'നിയമ-ക്രമസമാധാനത്തകര്‍ച്ച' സംഭവിക്കാത്തിടത്തോളം കമ്മ്യൂണിസ്റ്റുകളെ അധികാരത്തില്‍നിന്നു പുറന്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയില്ല.'' അതീവ രഹസ്യസ്വഭാവമുണ്ടായിരുന്ന ഈ റിപോര്‍ട്ട് 45 വര്‍ഷത്തിനുശേഷം, അമേരിക്കയുടെ വിദേശനയവും സുരക്ഷിതത്വപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന വൈറ്റ്ഹൗസിലെ ഉന്നതാധികാര സമിതിയായ നാഷനല്‍ കൗണ്‍സിലാണ് പരസ്യപ്പെടുത്തിയത്.രണ്ടാമത്തേത്, 57ലെയും 67ലെയും ഗവണ്‍മെന്റുകള്‍ക്കു നേതൃത്വം നല്‍കിയ, കേരളത്തിന്റെ ഇടത് രാഷ്ട്രീയദിശ നിര്‍ണയിച്ച ഇഎംഎസ് സ്വന്തം അനുഭവം വിവരിക്കുന്നതാണ്: ''കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളാവട്ടെ, ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയില്‍ അവര്‍ ദരിദ്രര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന ബോധം ജനിപ്പിച്ചു. ഇതുതന്നെയാണ് 28 മാസം അധികാരത്തിലിരുന്ന് ഞങ്ങള്‍ ചെയ്ത 'പാതക'മായി വ്യാഖ്യാനിക്കപ്പെട്ടതും.''പിണറായി വിജയന്‍ ഗവണ്‍മെന്റാവട്ടെ, അധികാരമേറ്റതിന്റെ മൂന്നാംദിവസം സംസ്ഥാന പോലിസ് മേധാവിയെ തന്നെയാണ് കുടിയിറക്കിയത്. ഒടുവില്‍ സുപ്രിംകോടതി ഇടപെട്ടതും വീണ്ടും നിയമിക്കേണ്ടിവന്നതും ചീഫ് സെക്രട്ടറിയുടെ മാപ്പപേക്ഷയും തുടര്‍ നാടകങ്ങളും. ആഭ്യന്തരവകുപ്പ് അരാജക നാടകശാലയാണെന്നു വന്നിരിക്കുന്നു. ഇപ്പോള്‍ പോലിസ് മേധാവിയെ കീഴുദ്യോഗസ്ഥരെക്കൊണ്ട് വളഞ്ഞുവച്ച് ആക്രമിക്കുകയാണ്. കേട്ടുകേള്‍വിപോലും ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പോലിസ് ആസ്ഥാനത്തു നടക്കുന്നത്. ഇഷ്ടക്കാരല്ലെങ്കില്‍ സംരക്ഷിക്കപ്പെടില്ലെന്ന അരക്ഷിതാവസ്ഥയിലാണ് പോലിസ് സേന. ക്രമസമാധാനപാലനത്തിലും നിയമവാഴ്ചയിലും അതു പ്രതിഫലിക്കുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും ആസൂത്രണത്തില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളം നേരിടുന്ന മുഖ്യ ക്രമസമാധാനപ്രശ്‌നവും.  പിന്‍കുറിപ്പ്: നല്ലൊരു അധ്യാപകനെന്ന് മുഖ്യമന്ത്രി മുമ്പ് വിശേഷിപ്പിച്ച എം എന്‍ വിജയന്‍ കൂടക്കൂടെ ഉയര്‍ത്തേണ്ട ഒരു ചോദ്യം പഠിപ്പിച്ചിരുന്നു: 'എല്ലാവര്‍ക്കും തൊഴിലും നിലനില്‍പ്പുമില്ലാത്ത വികസനം ആരുടെ വികസനമാണ്' എന്ന്. വികസനത്തിലേക്കുള്ള അവസാനത്തെ ബസ്സിന്റെ കാര്യവും പറയാറുണ്ടായിരുന്നു: ''സ്വന്തം നാടേത് എന്നു തിരിച്ചറിയാത്തവര്‍ക്ക് എപ്പോഴും ബസ് കിട്ടുന്നു; വഴിയും തെറ്റുന്നു.''
Next Story

RELATED STORIES

Share it