നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം ആറു മുതല്‍ ലീവെടുത്ത് പ്രതിഷേധിക്കും. 62,000 നഴ്‌സുമാരാണ് ലീവെടുത്ത് പ്രതിഷേധിക്കുക.  ശമ്പള വര്‍ധന നടപ്പാക്കാത്തതിനെതിരേയാണു പ്രതിഷേധം.
ഈ മാസം അഞ്ചു മുതല്‍ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി സമരം സ്‌റ്റേ ചെയ്തു. തുടര്‍ന്നാണു ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റേതു മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടാണെന്നു യുഎന്‍എ ആരോപിച്ചു. നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണര്‍ ഇന്നു ചര്‍ച്ച നടത്തും. രാവിലെ 11നാണു ചര്‍ച്ച. 2016 ഫെബ്രുവരി 10നു നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതു നടപ്പാക്കാന്‍ ഭൂരിഭാഗം ആശുപത്രികളും തയ്യാറായില്ല. ഇതിനെതിരേ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരേ ഹൈക്കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.
അതേസമയം, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയ ആശുപത്രികളുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 500ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുന്നതോടെ ആരോഗ്യ മേഖല സ്തംഭിക്കും.
Next Story

RELATED STORIES

Share it