Flash News

നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ധന നല്‍കാനാവില്ല : മലക്കംമറിഞ്ഞ് ആശുപത്രി ഉടമകള്‍ ; 19നു വീണ്ടും ചര്‍ച്ച



തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കംമറിഞ്ഞ് സ്വകാര്യ ആശുപത്രി ഉടമകള്‍. കുറഞ്ഞ ശമ്പളം        20,000 രൂപയാക്കണം എന്ന സ ര്‍ക്കാര്‍ ആവശ്യമാണ് ആശുപത്രി ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തള്ളിക്കളഞ്ഞത്. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാകൂവെന്ന് ഇന്നലെ ചേര്‍ന്ന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ മാനേജ്‌മെന്റുകള്‍ രേഖാമൂലം അറിയിച്ചു. ഒരുമാസം നീണ്ടുനിന്ന നഴ്‌സുമാരുടെ സമരം ജൂലൈ 20ന് ഒത്തുതീര്‍പ്പായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന വ്യവസ്ഥയിലെത്തിയത്. അതേസമയം, മാനേജ്‌മെന്റുകളുടെ പുതിയ നിലപാടിനെ തള്ളി നഴ്‌സുമാരുടെ ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ കമ്മീഷണര്‍ കെ ബിജു അറിയിച്ചു. നഴ്‌സുമാര്‍ ഒഴികെയുള്ള മറ്റു ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ട്രേഡ് യൂനിയനുകളുടെ ആവശ്യം യോഗം ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ 16നകം ആശുപത്രി മാനേജ്‌മെന്റുകള്‍ തീരുമാനമറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. അടുത്ത 19നു ചേരുന്ന യോഗത്തില്‍ മാനേജ്‌മെന്റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ആശുപത്രികള്‍ നഴ്‌സുമാര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്നും ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. മിനിമം വേജസ് കമ്മിറ്റി ചെയര്‍മാനായ ലേബര്‍ കമ്മീഷണര്‍ കെ ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ കെ ഒ ജോര്‍ജ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എം ഷജീന, സമിതി അംഗങ്ങളായ വിവിധ ട്രേഡ് യൂനിയന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.  അതേസമയം, ശമ്പളവര്‍ധന അംഗീകരിക്കാത്ത ആശുപത്രി ഉടമകളുടെ നിലപാടിനെതിരേ നഴ്‌സുമാര്‍ പ്രതിഷേധിച്ചു. ശമ്പളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ആശുപത്രിയുടമകള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ചര്‍ച്ച നടന്ന തൊഴില്‍ഭവനു മുന്നില്‍ ധര്‍ണ നടത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയുണ്ടെന്നും അത് അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവുകയാണു വേണ്ടതെന്നും ഐഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു. മാനേജ്‌മെന്റുകളുടെ പിടിവാശി ഒരു കാരണവശാലും നഴ്‌സുമാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെനാള്‍ നീണ്ട സമരത്തിനൊടുവില്‍ കഴിഞ്ഞ ജൂലൈ 20നാണ് നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. 50 കിടക്കകളുള്ള ആശുപത്രികളില്‍ ശമ്പളമായി 20,000 രൂപയാണു തീരുമാനിച്ചത്. അതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുമെന്നും സമിതി ഒരുമാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു തീരുമാനം. എന്നാല്‍, നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന വര്‍ധന അതേപടി അംഗീകരിച്ചാല്‍ ചികില്‍സാച്ചെലവ് കൂടുമെന്നാണ് മാനേജ്‌മെന്റുകളുടെ ന്യായീകരണം. 19നു ചേരുന്ന യോഗത്തിലും തീരുമാനമായില്ലെങ്കില്‍ സമരം പുനരാരംഭിക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.
Next Story

RELATED STORIES

Share it