Flash News

നഴ്‌സുമാരുടെ ശമ്പളവര്‍ധന : ശുപാര്‍ശ നടപ്പാക്കുന്നത് സുപ്രിംകോടതി തടഞ്ഞു



സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സുപ്രിംകോടതി തടഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് എ കെ ഗോയലിന്റെ ബെഞ്ചിന്റേതാണ് നടപടി. ഹരജി അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കും. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളവര്‍ധനയ്ക്കു മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കിക്കൊണ്ട് ഈ മാസം 19ന് ചേര്‍ന്ന മിനിമം വേതന സമിതി തീരുമാനമെടുത്തിരുന്നു. ശമ്പളവര്‍ധന നിലവില്‍വന്നതായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഹരജി സമര്‍പ്പിച്ചത്. സമിതിയുടെ ഘടനയാണ് അസോസിയേഷന്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. വേതനവര്‍ധന ആവശ്യപ്പെട്ട് നടത്തിയ ഒരുമാസത്തോളം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ ശമ്പളവും ജോലിസാഹചര്യവും പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. 20 കിടക്കകള്‍ക്കു മുകളിലുള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ. കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപതികളില്‍ ആനുപാതികമായി ശമ്പളം വര്‍ധിക്കുന്ന വിധത്തിലായിരുന്നു ശമ്പളഘടന. മാനേജ്‌മെന്റ് പ്രതിനിധികളുടെ വിയോജിപ്പോടെയാണ് സമിതി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it