നഴ്‌സുമാരുടെ ശമ്പളം: സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ വലിയ അന്തരമെന്ന് ശമ്പള കമ്മീഷന്‍

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, ശമ്പളവര്‍ധനയ്ക്കു നേരിട്ടുള്ള ശുപാര്‍ശകള്‍ ഇല്ല. നഴ്‌സുമാരുടെ ശമ്പളഘടന പരിഷ്‌കരിക്കണമെന്ന ശുപാര്‍ശയാണു റിപോര്‍ട്ടിലുള്ളത്. റിപോര്‍ട്ടിലെ ആരോഗ്യവിഭാഗത്തില്‍ നഴ്‌സിങ് മേഖലയെക്കുറിച്ചു പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. ക്ലിനിക്കല്‍, ഫാക്കല്‍റ്റി, പബ്ലിക് ഹെല്‍ത്ത് തുടങ്ങി മൂന്ന് ഉപവിഭാഗങ്ങളിലായാണ് നഴ്‌സുമാരെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.
നഴ്‌സസ് യൂനിയനും അസോസിയേഷനുകളും ശമ്പളവര്‍ധനയും കൃത്യസമയത്തുള്ള ഉദ്യോഗക്കയറ്റവും ആവശ്യപ്പെട്ടിരുന്നു. ക്ലിനിക്കല്‍ വിഭാഗത്തിലെ നഴ്‌സുമാര്‍ അടിസ്ഥാനശമ്പളം 4,600 എന്നതില്‍ നിന്നും 5,400 ആക്കി ഉയര്‍ത്തണം എന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. പബ്ലിക് ഹെല്‍ത്ത് വിഭാഗവും ഫാക്കല്‍റ്റി വിഭാഗവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ അടിസ്ഥാനയോഗ്യത ബിഎസ്‌സി നഴ്‌സിങും ആറുമാസത്തെ പ്രവൃത്തിപരിചയവും നഴ്‌സിങ് ഡിപ്ലോമയും രണ്ടര വര്‍ഷത്തെ പ്രവൃത്തിപരിചയവും ആണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ അസോസിയേഷന്റെ ശമ്പള സര്‍വേ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരുടെ ശമ്പളം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരേക്കാള്‍ മൂന്നു മടങ്ങ് കൂടുതലാണ്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നഴ്‌സുമാരുടെ ശമ്പളത്തിലെ വലിയ അന്തരം ഏഴാം ശമ്പള കമ്മീഷന്‍ പ്രത്യേകം കണക്കിലെടുത്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ അന്തരം ശ്രദ്ധയില്‍പ്പെട്ട കമ്മീഷന്‍ ഇതു പരിഹരിക്കുന്നതിനായി അനുചിതമായ നടപടി വേണമെന്നാണു നിരീക്ഷിച്ചിരിക്കുന്നത്. സമഗ്രമായ വിശാല വീക്ഷണത്തോടു കൂടി വേണം ഈ പ്രശ്‌നത്തെ നോക്കി കാണാനെന്നും ശമ്പളത്തിലെ അന്തരവും ജോലിഭാരക്കൂടുതലും പ്രത്യേകം പഠിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it