Flash News

നഴ്‌സുമാരുടെ മിനിമം വേതനം : 27ന് അന്തിമരൂപം നല്‍കും



തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ തീരുമാനം ഈ മാസം 27ന് ലേബര്‍ കമ്മീഷണറേറ്റില്‍ നടക്കുന്ന യോഗത്തിലുണ്ടാവും. ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ മിനിമം വേതനം 12,000 ആയി നിശ്ചയിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നഴ്‌സിങ് സംഘടനകള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ ചേംബറില്‍ വീണ്ടും യോഗം ചേര്‍ന്ന് 27ന് അന്തിമ തീരുമാനം എടുക്കാമെന്ന ധാരണയില്‍ പിരിഞ്ഞത്. അതേസമയം, 27ന് വീണ്ടും ചര്‍ച്ച വച്ചിരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിങ് യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന സമരം പിന്‍വലിക്കണമെന്ന് യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ സംഘടനാപ്രതിനിധികളോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമവായ നീക്കങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച നഴ്‌സിങ് യൂനിയനുകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ സംഘടനയില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും സര്‍ക്കാരിന് പൂര്‍ണ സഹകരണം നല്‍കാമെന്ന് വാക്കു നല്‍കി. യോഗത്തില്‍ തുളസീധരന്‍, തൊഴില്‍ വകുപ്പുപ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it