നഴ്‌സുമാരുടെ പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ഇന്നു നടത്തുന്ന പണിമുടക്ക് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്.
നഴ്‌സുമാരുടെ പണിമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു ഹരജിക്കാര്‍ വാദിക്കുന്നു. നേരത്തെ നഴ്‌സുമാര്‍ ഇത്തരം സമരത്തിന് ആഹ്വാനം ചെയ്തപ്പോള്‍ ഹൈക്കോടതി അതു തടഞ്ഞിരുന്നു. ഐസിയു, സിസിയു, കാഷ്വാലിറ്റി, എമര്‍ജന്‍സി റൂം, ഓപറേഷന്‍ തിയേറ്റര്‍, ഡയാലിസിസ് യൂനിറ്റ് എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താതെയും അഡ്മിറ്റായ രോഗികള്‍ക്ക് സൗകര്യം ഒരുക്കാതെയും ഇത്തരം സമരങ്ങള്‍ ഭാവിയിലും അനുവദിക്കരുതെന്ന് ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.
എസ്മ നിയമപ്രകാരം സമരം നിരോധിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കുക, സമരക്കാര്‍ ആരോഗ്യ മേഖലയെ താറുമാറാക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുക, നഴ്‌സുമാരുടെ സമരം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് പ്രഖ്യാപിക്കുക, കഴിഞ്ഞദിവസം ദേശീയപാത ഉപരോധിച്ചതിന് ഇവര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.




Next Story

RELATED STORIES

Share it