Flash News

നഴ്‌സിങ് സംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങണം : മന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിങ് സംഘടനകള്‍ പണിമുടക്കില്‍ നിന്നു പിന്‍മാറണമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍.   ഇന്നു മുതല്‍ തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാരുടെ സംഘടനകളില്‍ ഒരുവിഭാഗം പണിമുടക്കാനാരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ വേതനവര്‍ധന നേടിയെടുക്കാന്‍ സമരരംഗത്താണ്. ജീവനക്കാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ന്യായമായ പരിഹാരമുണ്ടാവണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനും തൊഴില്‍വകുപ്പിനുമുള്ളത്. അതിനുള്ള നടപടികള്‍ സ്വീകരിക്കും. ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി ഇതിനകം തെളിവെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് മാനേജ്‌മെന്റ് സംഘടനകളെയും തൊഴിലാളി സംഘടനകളെയും സമവായത്തിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ 15നു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അനുരഞ്ജനയോഗം വിളിച്ചത്. 27ന് വീണ്ടും ആശുപത്രി വ്യവസായ ബന്ധസമിതി യോഗം ചേരാനും അതിനുമുമ്പ് സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം സമിതിക്ക് സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. 27 വരെ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കാനുള്ള അഭ്യര്‍ഥനയോട് നഴ്‌സിങ് ജീവനക്കാരുടെ സംഘടനകള്‍ അനുകൂലമായാണു പ്രതികരിച്ചത്. എന്നാല്‍, ധാരണയില്‍ നിന്നു പിന്തിരിയാന്‍ നഴ്‌സുമാരുടെ ഒരുവിഭാഗം സംഘടനകള്‍ ശ്രമിക്കുകയാണ്. വേതന പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായ വേളയില്‍ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനം സമവായശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വേതന പരിഷ്‌കരണം സംബന്ധിച്ച പ്രശ്‌നത്തില്‍ തൊഴിലാളികള്‍ക്കു കൂടി സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it