kannur local

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അജ്ഞാതനെന്ന് സംശയം. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മരിച്ച ശ്രീലയയുടെ പിതാവ് പുറായില്‍ ജയരാജന്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലിസ് ചീഫിനും പരാതി നല്‍കി.
മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും, ശ്രീലയ എഴുതിവച്ചെന്ന് പറയുന്ന കത്തിലെ കൈയക്ഷരം അവളുടേതല്ലെന്നും കോഴിക്കോട് സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഡ്രൈവറായി ജോലിചെയ്യുന്ന ജയരാജനും ഭാര്യ ലീനയും പറയുന്നു. മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ ശ്രീലയ സ്വന്തം താല്‍പര്യപ്രകാരമാണ് നഴ്‌സിങ്ങ് തിരഞ്ഞെടുത്തത്. പഠനത്തെക്കുറിച്ച് ഒരുതരത്തിലുള്ള വിഷമവും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യംചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് വ്യക്തമായതായി പരിയാരം പോലിസ് വ്യക്തമാക്കി. പക്ഷെ, മകള്‍ക്ക് ഇത്തരത്തില്‍ യാതൊരു ബന്ധവുമില്ലെന്നും എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവയ്ക്കുന്ന സ്വാഭാവമാണെന്നും ജയരാജന്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പരിയാരം പോലിസ് അറിയിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ രണ്ട് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായും ഈ രണ്ട് ഫോണുകളിലും വന്ന കോളുകള്‍ ആരുടേതാണെന്ന് പരിശോധിക്കുമെന്നും പോലിസ് പറഞ്ഞു. പിതാവ് ജയരാജന്റെ പേരിലാണ് രണ്ടു ഫോണുകളും എടുത്തിട്ടുള്ളത്. ഈ ഫോണുകള്‍ ഒപ്പം താമസിക്കുന്ന മൂന്ന് കൂട്ടുകാരികള്‍കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് മൊഴി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it