kannur local

നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവം: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെയാണ് ആത്മഹത്യാ പ്രേരണകുറ്റത്തിന് പരിയാരം പോലിസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്‌സിങ് കോളജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി ശ്രീലയ(19)യെ ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സുഖമില്ലെന്നു പറഞ്ഞ് ക്ലാസില്‍ പോവാതിരുന്ന ശ്രീലയ ഉച്ചയ്ക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കത്തെഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കത്ത് തന്റെ മകളുടെ കൈയക്ഷരമല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവര്‍ പി ജയരാജ് ജില്ലാ പോലിസ് മേധാവിക്കും കലക്്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സഹപാഠികളായ മൂന്ന് കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു. പ്രണയം നടിച്ച് ഭീഷണിപ്പെടുത്തിയതു കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണു പോലിസ് നിഗമനം. പ്രതിയുമായി മൂന്നുമാസം മുമ്പാണ് പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെടുന്നതെന്നും ഇയാളെ ശ്രീലയ നേരില്‍ കണ്ടിരുന്നില്ലെന്നും കണ്ടെത്തിയതായും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it