നഴ്‌സിങ് റിക്രൂട്ട്‌മെന്റ്:  കേരളസംഘം കുവൈത്ത് സന്ദര്‍ശിക്കും

തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് കേരള സംഘം കുവൈത്ത് സന്ദര്‍ശിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് ആയിരത്തോളം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ ധാരണയായ സാഹചര്യത്തിലാണ് പ്രതിനിധി സംഘം കുവൈത്തിലേക്ക് പോവുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാന്‍ ഒരുവര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
നോര്‍ക്ക, ഒഡേപെക്, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നിവയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച നടപടികള്‍ വൈകിയതോടെ റിക്രൂട്ട്‌മെന്റ് മുടങ്ങിയിരുന്നു.നടപടി ചൂണ്ടിക്കാട്ടി സ്വകാര്യ ഏജന്‍സികള്‍ കോടതിയെ സമീപിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാന്‍ ആലോചിച്ചിരുന്നു. അതിനിടെ, കഴിഞ്ഞദിവസം കേരളത്തിലെത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇടനിലക്കാരെ ഒഴിവാക്കി ആയിരത്തോളം നഴ്‌സുമാരെ കേരളത്തില്‍ നിന്നു റിക്രൂട്ട് ചെയ്യാന്‍ ധാരണയിലെത്തിയത്.
നോര്‍ക്ക, ഒഡേപെക്, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹബ്രി, മുഹമ്മദ് അല്‍ അബ്കല്‍ ഹാദി എന്നിവര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ സി ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക സിഇഒ ആര്‍ എസ് കണ്ണന്‍, ഒഡേപെക് മാനേജിങ് ഡയറക്ടര്‍ ഡോ. ജി എല്‍ മുരളീധരന്‍, തമിഴ്‌നാട് മാന്‍പവര്‍ കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി ഇളങ്കോവന്‍ എന്നിവരുമായും ചര്‍ച്ച നടത്തി. നിലവില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഒഴിവുകളിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത് കുവൈത്തിലെ 32 പ്രധാന സ്ഥാപനങ്ങള്‍ വഴിയാണ്.
ഈ സ്ഥാപനങ്ങള്‍ കേരളത്തിലേതടക്കമുള്ള വിവിധ റിക്രൂട്ടിങ് ഏജന്‍സികളുമായി ധാരണയിലെത്തിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. പല ഏജന്‍സികളും 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്. പുതിയ ധാരണപ്രകാരം ഈ ഇടനിലക്കാരെയെല്ലാം ഒഴിവാക്കും. ആയിരത്തോളം ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. നടപടിക്രമങ്ങള്‍ വേഗത്തിലായാല്‍ സംസ്ഥാനത്തെ തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാവും.
Next Story

RELATED STORIES

Share it