നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിയന്ത്രണം: മലയാളികളെ ദോഷകരമായി ബാധിക്കുന്നു: മന്ത്രി കെ സി ജോസഫ്

തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആയിരക്കണക്കിനു മലയാളി നഴ്‌സുമാരുടെ തൊഴില്‍ സ്വപ്‌നങ്ങളാണു തകര്‍ത്തിരിക്കുന്നതെന്നു മന്ത്രി കെ സി ജോസഫ്. വിദേശത്തു ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ 70 ശതമാനവും മലയാളികളാണ്. ഇതുമൂലം നിയന്ത്രണങ്ങള്‍ മലയാളി നഴ്‌സുമാരെയാണ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നതെന്നു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികള്‍ ദുരൂഹമാണ്. സൗദി അറേബ്യയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേന്ദ്രം 13 സ്വകാര്യ കമ്പനികളേയാണ് ഏല്‍പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രം കേരളത്തിന് ഒരു വിവരവും കൈമാറിയില്ല. 6000 ജോലി ഓഫറുകളാണ് ഇതു മൂലം കേരളത്തിലെ നഴ്‌സുമാര്‍ക്കു നഷ്ടമായത്.
പ്രതിമാസം ശരാശരി 1000 പേരെ വിദേശത്തേക്കു കയറ്റി അയക്കാറുള്ള കേരളത്തില്‍ നിന്നു കഴിഞ്ഞ മാസം 136 പേരെ മാത്രമാണ് അയക്കാനായത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ കേരളത്തിലെത്താമെന്നേറ്റ കുവൈത്ത് സംഘം അഞ്ചാം തവണയും യാത്ര മാറ്റിവച്ചു. അവസാനമായി ഇന്ന് എത്താമെന്ന് അറിയിച്ചിരുന്ന സംഘം കഴിഞ്ഞ ദിവസം വിളിച്ച് അപ്രതീക്ഷിതമായി സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
വിദേശകാര്യമന്ത്രാലയം നാഥനില്ലാത്ത കളരിയായിരിക്കുകയാണ്. പ്രവാസിമന്ത്രാലയം പുനസ്ഥാപിക്കണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. ഇതെല്ലാം ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തെയാണു ദോഷകരമായി ബാധിക്കുന്നതെന്നും കെ സി ജോസഫ് പറഞ്ഞു.

[related]
Next Story

RELATED STORIES

Share it