നഴ്‌സിങ് റിക്രൂട്ട്‌മെന്റിലെ സ്തംഭനം; തീരുമാനം ഒരാഴ്ചയ്ക്കുള്ളിലെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സ്തംഭനാവസ്ഥയ്ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാവുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും നിയമപ്രകാരം വിദേശത്ത് നിയമനം ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്ക് പോകാനുള്ള അനുമതി താല്കാലികമായി നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം നല്ല ഉദ്ദേശത്തോടെയാണെന്നും നഴ്‌സിങ് രംഗത്തെ വ്യാപകമായ അഴിമതിയും ചൂഷണവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പകരം സംവിധാനം നിലവില്‍ വരാത്തത് കൊണ്ട് ഇവിടെ നിന്ന് നഴ്‌സുമാര്‍ക്ക് പോവാന്‍ സാധിക്കുന്നില്ല. പുതിയ നിയന്ത്രണം വന്നതിന് ശേഷമുള്ള ഏഴുമാസത്തിനിടെ 19 ബാച്ചുകളിലായി 873 നഴ്‌സുമാര്‍ മാത്രമാണ് വിദേശത്ത് പോയത്. നിയന്ത്രണം വരുന്നതിന് മുമ്പ് ഇതേ കാലയളവില്‍ 15,000 പേരെങ്കിലും പോയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാരിന്റെ അംഗീകാരമുള്ള മൂന്നു കമ്പനികള്‍ വഴി മാത്രമെ നഴ്‌സുമാര്‍ക്ക് വിദേശത്തു പോകാനാവു. കേരളത്തിലുള്ള രണ്ടും തമിഴ്‌നാട്ടിലെ ഒരു കമ്പനിക്കും മാത്രമെ വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് അധികാരമുള്ളൂ. കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ ഒരു രാജ്യവുമായും ധാരണയിലെത്താല്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മലപ്പുറത്തെ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്ത—നങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
14ാം തിയ്യതി മന്ത്രി തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അന്ന് വിശദമായി ചര്‍ച്ചചെയ്യാമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2010ല്‍ ആരംഭിച്ച മലപ്പുറം സെന്റര്‍ വന്‍ വികസനപദ്ധതികള്‍ വിഭാവനം ചെയ്തിരുന്നുവെങ്കിലും ആവശ്യത്തിന് ഫണ്ട് അനുവദിക്കുകയോ, കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കുകയോ, കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it