Flash News

നഴ്‌സിങ് പഠനം : അംഗീകാരം നല്‍കാന്‍ കൗണ്‍സിലിന് അധികാരമില്ല



കോട്ടയം: ഇന്ത്യയിലെ നഴ്‌സിങ് പഠനസ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിനില്ലെന്നു കര്‍ണാടക സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് ദി മാനേജ്‌മെന്റ് ആന്റ് നഴ്‌സിങ് അലൈഡ് ഹെല്‍ത്ത് സയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. സുപ്രിംകോടതി ഇതു വ്യക്തമാക്കി വിധി പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ശരിവച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതിയുടെ ബെഞ്ചും വിധി പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കര്‍ണാടക സര്‍ക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവിധ നഴ്‌സിങ് കോഴ്‌സുകളുടെ പാഠ്യപദ്ധതി രാജ്യത്ത് ഉടനീളം ഏകീകരിക്കുക മാത്രമാണ് നഴ്‌സിങ് കൗണ്‍സിലിനുള്ള അധികാരം. എന്നാല്‍ ഈ അധികാരം മറികടന്ന് കഴിഞ്ഞ 16 വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലാതെ നഴ്‌സിങ് സ്ഥാപനങ്ങളെ ദ്രോഹിക്കുകയാണ് കൗണ്‍സില്‍ ചെയ്തതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ വിവിധ കോളജുകള്‍ വിവിധ കോടതികളില്‍ നിന്നായി നഴ്‌സിങ് കൗണ്‍സിലിനെതിരേ വിധി സമ്പാദിച്ചിരുന്നു. കഴിഞ്ഞദിവസം നഴ്‌സിങ് കൗണ്‍സില്‍ കര്‍ണാടകയിലെ മുഴുവന്‍ നഴ്‌സിങ് സ്ഥാപനങ്ങളുടെയും അംഗീകാരം റദ്ദുചെയ്തിരുന്നു. മാത്രമല്ല, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ സൈറ്റില്‍ നിന്നു കര്‍ണാടകയുടെ പേരും നീക്കം ചെയ്തിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ കടുംപിടുത്തംമൂലമാണ് അംഗീകാരം റദ്ദുചെയ്തതെന്നും വ്യവസ്ഥകള്‍ പാലിച്ചാല്‍ ഒരു മണിക്കൂറിനകം അംഗീകാരം നല്‍കാമെന്നും കൗണ്‍സില്‍ പ്രസിഡന്റ് പറയുന്നതുതന്നെ അതിന്റെ പിന്നിലുള്ള ഉദേശ്യം വ്യക്തമാക്കുന്നുണ്ടെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നത് അതാതു സംസ്ഥാനസര്‍ക്കാരുകളും അംഗീകൃത യൂനിവേഴ്‌സിറ്റികളും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലും ആണെന്നിരിക്കെ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ വാദം ശരിയല്ലെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it