നഴ്‌സിങ് ജോലിക്കായി കുവൈത്തിലെത്തിയ യുവതി വീട്ടുതടങ്കലിലെന്ന്

കല്‍പ്പറ്റ: നഴ്‌സിങ് ജോലിക്കായി കുവൈത്തിലെത്തിയ യുവതിയെ ഏജന്റ് പൂട്ടിയിട്ടിരിക്കുകയാണെന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. പുല്‍പ്പള്ളി സ്വദേശിനിയായ സോഫിയ പൗലോസിനെയാണ് കുവൈത്തില്‍ തടങ്കലിലാക്കിയതായി പുല്‍പ്പള്ളി പോലിസില്‍ പരാതി നല്‍കിയത്. നഴ്‌സിങ് ജോലിക്കായി കൊണ്ടുപോയ യുവതിക്ക് മറ്റൊരു ജോലിയാണു കൊടുത്തത്. ഇത് എതിര്‍ത്തതോടെ പൂട്ടിയിട്ടെന്നാണു പരാതി.
മെയ് 15നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഏജന്‍സിയിലെ ഇസ്മാഈല്‍ എന്നയാള്‍ സോഫിയയെ ദുബയില്‍ കൊണ്ടുപോയത്. അവിടെ നിന്ന് കുവൈത്തിലെത്തിക്കുകയായിരുന്നു.
48,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയതെങ്കിലും ജോലി ശരിയായില്ലെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് വീട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. നിര്‍ബന്ധിച്ചപ്പോള്‍ വീട്ടുതടങ്കലിലാക്കുകയായിരുന്നത്രേ.
മലയാളി സ്ത്രീയുടെ ഫോണില്‍ നിന്ന് യുവതി സഹോദരന് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പോലിസില്‍ പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോള്‍, അതിന് നീ പുറത്തിറങ്ങിയിട്ടു വേണ്ടേ എന്ന് ഇസ്മാഈല്‍ പറഞ്ഞതായി വാട്ട്‌സ്ആപ്പ് സന്ദേശത്തിലുണ്ട്.
നാട്ടില്‍ പോവാന്‍ അനുവദിക്കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് ഇസ്മാഈല്‍ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. മുഖ്യമന്ത്രി, നോര്‍ക്ക, ജില്ലാ പോലിസ് ചീഫ് എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it