നഴ്‌സിങ്: കുവൈത്ത് അധികൃതര്‍ അടുത്തമാസം കേരളത്തിലെത്തും

തിരുവനന്തപുരം: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അടുത്തമാസം രണ്ടാംവാരം കേരളത്തിലെത്തും. റിക്രൂട്ട്‌മെന്റ് നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത എജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തും.
കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഈമാസം കേരളത്തിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. ചര്‍ച്ചയ്ക്കായി കുവൈത്ത് അധികൃതര്‍ മാര്‍ച്ച് 12നും 18നും ഇടയിലുള്ള മൂന്നുദിവസം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം 12 മുതലുള്ള മൂന്നു ദിവസങ്ങളില്‍ ചര്‍ച്ച നടക്കാനാണു സാധ്യയെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. സര്‍ക്കാര്‍ അംഗീകൃത എജന്‍സികളിലൂടെ മാത്രമേ വിദേശത്തേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അനുവദിക്കൂവെന്ന സാഹചര്യത്തില്‍, എജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സന്ദര്‍ശന ലക്ഷ്യമാണ്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18, 19 തിയ്യതികളിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതര്‍ ആദ്യം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. അതു നടക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം കുവൈത്തിലെത്തി നോര്‍ക്ക റൂട്ട്‌സ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഈമാസം കുവൈത്ത് പ്രതിനിധികള്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതാണ് വീണ്ടും അടുത്തമാസത്തേക്കു മാറ്റിയത്.
Next Story

RELATED STORIES

Share it