നഴ്‌സറികളുടെ പ്രവര്‍ത്തനം നാലു മണിക്കൂറാക്കണം

ന്യൂഡല്‍ഹി: നഴ്‌സറി സ്‌കൂളിലേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍സിഇആര്‍ടി പുറത്തിറക്കി. പ്രീ-സ്‌കൂളുകളുടെ നിര്‍വചനം ഉള്‍പ്പെടെയുള്ള വിശദമായ മാര്‍ഗനിര്‍ദേശത്തിന്റെ കരട് രേഖയാണ് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് (എന്‍സിഇആര്‍ടി) പ്രീ-സ്‌കൂള്‍ കരിക്കുലം എന്നപേരില്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്രീ-സ്‌കൂളുകളുടെ പാരിസ്ഥിതിക ചുറ്റുപാടുകള്‍, സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം, കുട്ടികളുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന മാറ്റം, പ്രീ-സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതും നടപ്പാക്കേണ്ടതുമെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിച്ചാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രീ-സ്‌കൂളുകളില്‍ ചേര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും മൂന്നു വയസ്സ് പൂര്‍ത്തിയായിരിക്കണം. നഴ്‌സറി വിദ്യാഭ്യാസം രണ്ടു വര്‍ഷം മാത്രമായിരിക്കണം. നഴ്‌സറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ 12ാം ക്ലാസ് പാസാവുകയും എന്‍സിഇആര്‍ടി അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നു പ്രീ-സ്‌കൂള്‍ എജ്യൂക്കേഷനില്‍ ഡിപ്ലോമ പാസായിരിക്കുകയും വേണം. വിദ്യാര്‍ഥി-അധ്യപാക അനുപാദം ഒരു അധ്യപകന് 25 കുട്ടികള്‍  എന്നതായിരിക്കണം. നഴ്‌സറികളുടെ പ്രവര്‍ത്തനം നാലു മണിക്കൂറായി നിശ്ചയിക്കണം.
പ്രീ-സ്‌കൂളുകളിലെ ആയമാര്‍ ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ടിങ്  സ്റ്റാഫുകള്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക തരം ടോയ്‌ലറ്റുകള്‍ വേണം.
പ്രീ-സ്‌കൂളുകളിലെ കരിക്കുലം എങ്ങനെ രൂപീകരിക്കണമെന്നതിനെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യമുള്ള പ്രസാധകരുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍, കരിക്കുലം എങ്ങനെ രൂപീകരിക്കണമെന്നു പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ അഭിപ്രായം അറിയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നാലാഴ്ചത്തെ സമയം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രീ-സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡമുണ്ടാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it