നളദമയന്തി കഥയിലെ മൂന്നാര്‍ ട്വിസ്റ്റ്‌



നിയമസഭയില്‍ ഭരണപക്ഷത്തിന്റെ ദാര്‍ശനിക മുഖമാണ് സിപിഐയുടെ മുല്ലക്കര രത്‌നാകരന്‍. സഭയില്‍ തനിക്ക് ലഭിക്കുന്ന സമയത്തിന്റെ ഭൂരിഭാഗവും  അംഗങ്ങളോട് സാരോപദേശ കഥകള്‍ പറയുകയാണ് മുല്ലക്കരയുടെ രീതി. നളദമയന്തി പ്രണയമായിരുന്നു  ഇന്നലത്തെ വിഷയം. നളനെ സ്വന്തമാക്കാന്‍ ദമയന്തികാട്ടിയ ബുദ്ധിവൈഭവമാണ് എല്‍ഡിഎഫിനുള്ളതത്രേ. മൂന്നാറിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരനായ റവന്യൂമന്ത്രിയെ മുള്ളാന്‍ പോയിട്ട് നില്‍ക്കാന്‍പോലും മുഖ്യനും സംഘവും അനുവദിക്കുന്നില്ലെന്നതൊന്നും വിഷയമല്ലെന്ന് മുല്ലക്കര പറയാതെ പറഞ്ഞു. അതൊക്കെ മറികടക്കാനുള്ള ശേഷി ശിവന്റെ പര്യായമായ ചന്ദ്രശേഖരനുണ്ട്. ശിവന്‍ സംഹാരം നടത്തുമ്പോലെ മൂന്നാറിലെ കൈയേറ്റക്കാരെ ഇ ചന്ദ്രശേഖരന്‍ സംഹരിക്കുമെന്ന കാര്യത്തിലും മൂപ്പര്‍ക്ക് സംശയമൊന്നുമില്ല. പക്ഷെ തിരുവഞ്ചൂരിന് അക്കാര്യത്തില്‍ ചെറിയ ശങ്കയുണ്ട്. ഇടയ്ക്കിടെ ഷുഗര്‍ ഡൗണാവുമെങ്കിലും സംശയത്തിന് അദ്ദേഹത്തിന് പണ്ടേ കുറവൊന്നുമില്ലല്ലോ. സോളാര്‍ ഉപനായികയുടെ വീടിനു സമീപത്തുവച്ച് ആരോ കൈകാണിച്ചെന്ന് ശങ്കിച്ചാണ്  അവിടെ വണ്ടി നിര്‍ത്തിയത്. പാലുകാച്ചാണെന്ന് സംശയിച്ചാണ് വീട്ടില്‍ കയറിയതും പുകിലായതും. ഏതായാലും ഇന്നലത്തെ ഡൗട്ട് നിഷ്‌കളങ്കമായിരുന്നെന്ന് പറയാം. ദമയന്തിയെ വരിക്കാന്‍ മോഹിച്ച രണ്ട് ദേവന്‍മാര്‍ നളന്റെ വേഷത്തില്‍ സ്വയംവരത്തിനെത്തി. പക്ഷെ ദേവന്‍മാര്‍ കാല് തറയില്‍ കുത്തില്ല. കാല് മണ്ണില്‍ കുത്തിയ യഥാര്‍ഥ നളനെ ദമയന്തി കണ്ടെത്തിയപ്പോഴേക്കും നളന് സ്വന്തം അധികാരവും രാജ്യവും നഷ്ടപ്പെട്ടു. മൂന്നാറില്‍ കാലുകുത്തിയാല്‍ ഇ ചന്ദ്രശേഖരന് വീട്ടിലിരിക്കേണ്ടിവരുമെന്നാണ് മുല്ലക്കരയുടെ കഥയ്ക്ക് തിരുവഞ്ചൂരിന്റെ തിരുത്ത്. മാണിയെ സംബന്ധം ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്ന പിണറായിയെ ചൊല്ലിയാണ് കെ മുരളീധരന്റെ ആധി. മുഖ്യമന്ത്രി  വ്യക്തിപരമായി  അഴിമതി നടത്തില്ലെന്നാണ് മുരളിയുടെ വിശ്വാസം. എന്നാല്‍, ചില നോട്ടടിയന്ത്രങ്ങള്‍ അദ്ദേഹത്തെ ഇപ്പോള്‍ ചുറ്റിയിരിക്കുന്നുണ്ട്. അത് മുഖ്യനെ ഏതുവഴിക്ക് കൊണ്ടെത്തിക്കുമെന്നാണ് ആശങ്ക. മണിയെചൊല്ലി ഭരണപക്ഷത്തെ ഡി കെ മുരളിയും തിരുവഞ്ചൂരും കൊമ്പുകോര്‍ത്തു. പൊമ്പിളൈ ഒരുമൈയെ എരുമൈ ആക്കിയ നാക്കുപിഴ പോലെ നിഷ്‌കളങ്കമാണ് എം എം മണിയുടെ പരാമര്‍ശമെന്നാണ് ഡി കെ മുരളിയുടെ അഭിപ്രായം. ഒപ്പം ഷുഗര്‍ ഡൗണാവാതിരിക്കാന്‍ തിരുവഞ്ചൂര്‍ ചോക്ലേറ്റ്  കരുതണമെന്ന ഉപദേശവും മുരളി നല്‍കി.  കരിക്കിന്‍വെള്ളം കിട്ടിയില്ലെങ്കില്‍ അതല്ലേ മാര്‍ഗമുള്ളൂവെന്നും മുരളി.  ഒടുവില്‍ മുരളിക്കും പിടിപെട്ടു നാക്കുപിഴ. പ്രശസ്തമായ നാടകഗാനം ആലപിച്ച് അവസാനിപ്പിക്കുകയായിരുന്നു സഖാവ്. പാമ്പുകള്‍ക്ക് മാളമുണ്ടെന്ന് തുടങ്ങിയെങ്കിലും പുള്ളി അത് മാളമില്ലെന്നാക്കി. കാര്യവിവരപട്ടികയില്‍ ദേവസ്വം ചര്‍ച്ചയുള്‍പ്പെടുത്തിയില്ലെന്നതിനെ ചൊല്ലിയും ജോയ്‌സ് ജോര്‍ജിന്റെ മൂന്നാര്‍ കൈയേറ്റവും ആര്‍എസ്എസിന്റെ ആയുധപരിശീലനവും സഭയെ പ്രക്ഷുബ്ധമാക്കി. ക്ഷേത്രപരിസരങ്ങളിലെ ആര്‍എസ്എസ് ആയുധപരിശീലനത്തിന് ചില കോണ്‍ഗ്രസ്സുകാര്‍ സഹായം ചെയ്യുന്നുവെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം ബഹളംവച്ചു. ആര്‍എസ്എസിന്റെ ആയുധപരിശീലനത്തെ കുറിച്ചുള്ള വി ടി ബല്‍റാമിന്റെ ചോദ്യത്തില്‍നിന്നും മുഖ്യമന്ത്രി ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെയും പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കി. ഒടുവില്‍ പറഞ്ഞത് മന്ത്രി പിന്‍വലിച്ചതോടെയാണ് ബഹളം അവസാനിച്ചത്. ജോയ്‌സ് ജോര്‍ജിന്റെ കൈയേറ്റത്തെ കുറിച്ച് തിരുവഞ്ചൂരിന്റെ ചോദ്യത്തിന് റവന്യൂമന്ത്രി നിശബ്ദനായപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രിതന്നെ ജോയ്‌സിനെ ന്യായീകരിച്ച് രംഗത്തെത്തി.
Next Story

RELATED STORIES

Share it