kannur local

നല്ല സിനിമകള്‍ ചെയ്യാന്‍ ഭയപ്പെടുന്നു: ചന്ദ്രന്‍ നരിക്കോട്

കണ്ണൂര്‍: നല്ല സിനിമകള്‍ ചെയ്യാന്‍ പേടിയാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പാതി എന്ന സിനിമയുടെ സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട്. കണ്ണൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസപ്പെട്ട് സിനിമയെടുത്താലും മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. മുടക്കുമുതലെങ്കിലും തിരികെ ലഭിച്ചില്ലെങ്കില്‍ സിനിമ ഏറ്റെടുക്കാന്‍ നിര്‍മാതാക്കള്‍ തയാറാവില്ല. നിര്‍മാതാക്കളില്ലെങ്കില്‍ നല്ല സിനിമയുണ്ടാവുന്നതെങ്ങിനെയാണെന്നും ചന്ദ്രന്‍ നരിക്കോട് ചോദിച്ചു. നല്ല സിനിമകള്‍ ഉണ്ടായാല്‍ പോരെന്നും അത്തരം സിനിമകള്‍ പ്രേക്ഷകര്‍ കണ്ടില്ലെങ്കില്‍ അതു സിനിമയുടെ പരാജയമായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇനിയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതിനെ ഭയപ്പാടോടു കൂടിയേ സമീപിക്കാനാവൂ. നൊമ്പരപ്പെടാന്‍ മാത്രമായി ആളുകള്‍ തിയേറ്ററില്‍ പോവില്ല. ആസ്വാദനത്തിനു വേണ്ടിയും ടെന്‍ഷന്‍ കുറയ്ക്കാനുമാണ് ആളുകള്‍ സിനിമ കാണാനെത്തുന്നത്. അത്തരം സാഹചര്യങ്ങളില്‍  പ്രമേയങ്ങളെ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പറഞ്ഞു കൊടുക്കേണ്ടിവരും. എന്നാല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ചേരുവകളില്‍ സിനിമ നിര്‍മിക്കുമ്പോള്‍ അതു നല്ല സിനിമയാവണമെന്നുമില്ല.  ഫെസ്റ്റിവെലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനും പല ഇടപെടലും വേണ്ടി വരുന്ന അവസ്ഥയാണ്. അത്തരം ഇടപെടലുകളുടെയും കളികളുടെയും ഭാഗമാവാന്‍ താല്‍പര്യമില്ല. നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാന്‍ മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരും. പാതി എന്ന സിനിമ സ്‌കൂളുകളിലും ഫിലിം സൊസൈറ്റി മുഖാന്തിരവും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കം നടത്തി വരികയാണ്. മുഖാമുഖത്തിനു മുമ്പായി പാതി എന്ന സിനിമയുടെ പ്രദര്‍ശനവുമുണ്ടായി. പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു പി സന്തോഷ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it