palakkad local

നല്ല പച്ചയുടെ നിറവില്‍ പട്ടിത്തറ പഞ്ചായത്ത്



സി  കെ  ശശി പച്ചാട്ടിരി

ആനക്കര: പട്ടിത്തറ പഞ്ചായത്ത് കൃഷിഭവനിലെ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സമഗ്ര പച്ചക്കറി കൃഷി വകുപ്പ് പദ്ധതി പ്രകാരം രൂപീകരിച്ച നല്ല പച്ച കര്‍ഷക കൂട്ടായ്മ മാതൃകയാവുന്നു. പഞ്ചായത്തിലെ പച്ചക്കറി കൃഷി കര്‍ഷകരുടെ കൂട്ടായ്മയായി രൂപീകരിച്ച നല്ല പച്ച എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ ആണ് കാര്‍ഷിക ഇടപെടലുകളിലൂടെ വിജയകരമായി മുന്നേറുന്നത്. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പു വരുത്തുന്നതിനായി കാര്‍ഷിക വിപണിയിലും കൂട്ടായ്മ ഇടപെടല്‍ നടത്തിക്കഴിഞ്ഞു. ഇതിനായി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ നിയന്ത്രണത്തോടെ ആലൂരില്‍ ആരംഭിച്ച നല്ല പച്ച നാടന്‍ കാര്‍ഷികോല്പന്ന സംഭരണ വിതരണ കേന്ദ്രം ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ക്ലസ്റ്ററില്‍ അംഗത്വമെടുത്ത പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറി ഉത്പന്നങ്ങളുടേയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടേയും സംഭരണവും വില്പനയുമാണ്  കേന്ദ്രത്തിലൂടെ നടക്കുന്നത്. പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടാതെ മുളയരി, തേന്‍, നവര, രാമച്ചം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചായത്തിലെ കുടുംബശ്രീ ഉത്പന്നങ്ങള്‍, പച്ചക്കറി തൈകള്‍, ഗ്രോബാഗുകള്‍, പാലക്കാട് പാഡി കോയുടെ അരി എന്നിങ്ങനെ വൈവിധ്യ ഉത്പന്നങ്ങളുടെ ലഭ്യതയും ഉപഭോക്താക്കളെ വിപണന കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു. പട്ടിത്തറ പഞ്ചായത്തിലെ കാര്‍ഷികോത്പന്ന വിപണിയിലെ നിര്‍ണ്ണായക ശക്തിയായി മാറി കഴിഞ്ഞു നല്ല പച്ച. സ്വകാര്യ കച്ചവടക്കാര്‍ പോലും നല്ല പച്ചയുടെ സംഭരണവില അനുസരിച്ചാണ് പ്രദേശത്തെകര്‍ഷകരില്‍ നിന്നും പച്ചക്കറികളും കാര്‍ഷികോത്പന്നങ്ങളും സംഭരിക്കുന്നത്.സംഭരണ കേന്ദ്രത്തിന്റെ വരവോടെ സ്വകാര്യ കച്ചവടക്കാരില്‍ നിന്നു പോലും തങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ കഴിഞ്ഞതായി മേഖലയിലെ കര്‍ഷകര്‍ പറയുന്നു.പഞ്ചായത്തിലെ കര്‍ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതംഗ ഭരണസമിതിയിലൂടെയാണ് നല്ല പച്ചയുടെ ഭരണനിര്‍വ്വഹണം. പട്ടിത്തറ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ഗിരീഷിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ഷക കൂട്ടായ്മയുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേന്ദ്രത്തിന്റെ വിജയത്തിന് പിന്നിലെന്ന് നല്ല പച്ച ഭരണ സമിതി പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. വിപണന കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പച്ചക്കറിതൈ ഉത്പാദന നഴ്‌സറിയും ഗ്രോ ബാഗ് യൂണിറ്റുമെല്ലാം വിജയകരമാണ്. പട്ടിത്തറ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറി തൈകളും, ഗ്രോബാഗുകളും ഇവിടെ നിന്നാണ് ലഭ്യമാക്കുന്നത്. വിപണന കേന്ദ്രത്തോട് ചേര്‍ന്ന് വൈവിധ്യ നടീല്‍ വസ്തുക്കളും അലങ്കാര ചെടികളും ലഭ്യമാക്കുന്ന വിപുലമായ നഴ്‌സറിയും ഭാവിയില്‍ നല്ല പച്ച കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്
Next Story

RELATED STORIES

Share it