Editorial

നല്ല അയല്‍പക്കബന്ധങ്ങള്‍ വേണം

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ജന്മദിനത്തിന് ലാഹോറില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസയര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി നയതന്ത്രപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കിയാലും ശരി ഇല്ലെങ്കിലും ശരി സ്വാഗതാര്‍ഹമായ ഒരു നീക്കംതന്നെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നതും അതു പരിഹരിക്കാന്‍ ഇത്തരം തൊലിപ്പുറമെയുള്ള നീക്കങ്ങള്‍ പോരെന്നതും ശരിയാണ്. മിന്നല്‍ നയതന്ത്രം നരേന്ദ്രമോദിയുടെ മോശമായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാെണന്ന വിമര്‍ശനത്തിലും കാര്യമുണ്ടായിരിക്കാം.
ഇതൊക്കെയാണെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉതകുന്ന ഏതു നീക്കവും സ്വാഗതംചെയ്യപ്പെടേണ്ടതാണ്. രണ്ടു രാജ്യങ്ങളാണെങ്കിലും ഒരേ സംസ്‌കാരവും ഭാഷയും ജീവിതരീതികളും പങ്കിടുന്ന ജനതകളാണ് അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും. ജനതകള്‍ തമ്മിലുള്ള ബന്ധങ്ങളും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനു സഹായകരമായ നടപടിയാണ് ഈ ഓര്‍ക്കാപ്പുറത്തെ സന്ദര്‍ശനം എന്നു തീര്‍ച്ചയാണ്.
അതിനര്‍ഥം, തര്‍ക്കങ്ങളെല്ലാം ഒറ്റയടിക്കു തീരുമെന്നോ ഇരുരാജ്യങ്ങളും ഉടന്‍ ഏകോദരസഹോദരങ്ങളെപ്പോലെ പെരുമാറുമെന്നോ അല്ല. പക്ഷേ, നയതന്ത്രതലത്തില്‍ സമീപകാലത്ത് കുറേയേറെ നീക്കങ്ങള്‍ നടക്കുകയുണ്ടായി എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇസ്‌ലാമാബാദിലെത്തിയതും ഔദ്യോഗികതല ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കിയതും പുതിയ ഒരു നയതന്ത്രമുന്നേറ്റത്തിനുള്ള സാഹചര്യം ഒരുക്കുന്നതായാണു സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും സൈനികതലത്തിലും ഔദ്യോഗികതലത്തിലും ക്ഷമാപൂര്‍വമായ ഒട്ടേറെ നീക്കങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു അന്തരീക്ഷത്തിന് ഇരുരാജ്യങ്ങളിലെയും ജനങ്ങളും പൊതുസമൂഹവും കളമൊരുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തേണ്ടത്.
ബിജെപിയുടെ തന്നെ പല നേതാക്കളും സഖ്യകക്ഷികളായ ശിവസേന പോലെയുള്ള തീവ്ര വലതുപക്ഷ വിഭാഗങ്ങളും സമാധാനത്തിന്റെ അന്തരീക്ഷം ആഗ്രഹിക്കുന്നില്ല. അവര്‍ പാകിസ്താനെ നിതാന്തശത്രുവായി നിലനിര്‍ത്തി തങ്ങളുടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ സമീപനത്തിനു കൂടുതല്‍ ഇന്ധനം പകരാനാണ് ശ്രമിക്കുന്നത്. രാജ്യതാല്‍പര്യത്തിന് ഒട്ടും അനുഗുണമല്ല ഇത്തരം യുദ്ധാസക്തമായ സമീപനങ്ങളും ആക്രോശങ്ങളും എന്നത് ഒരു വസ്തുതയാണ്. പക്ഷേ, രാജ്യതാല്‍പര്യം ഒരിക്കലും ഇത്തരം സങ്കുചിത താല്‍പര്യക്കാരുടെ അജണ്ടയായിരുന്നില്ല. പുരയ്ക്കു തീയിട്ടായാലും വാഴവെട്ടുകയെന്നതാണ് അവരെ സംബന്ധിച്ചു പ്രധാനം.
മോദിയും മുന്‍കാലത്ത് അത്തരം നിലപാടുകളുടെ വക്താവായിരുന്നു. അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങള്‍ ആത്മാര്‍ഥമാണോ അതോ വെറും പ്രതിച്ഛായാ നിര്‍മാണതന്ത്രം മാത്രമാണോ എന്നത് പക്ഷേ, കാത്തിരുന്നു കാണേണ്ട സംഗതിയാണ്.
Next Story

RELATED STORIES

Share it