wayanad local

നല്ലൂര്‍നാട് റേഡിയോതെറാപ്പി യൂനിറ്റ് തുറന്നു

കല്‍പ്പറ്റ: ആദിവാസികളടക്കമുള്ള നൂറുകണക്കിന് അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ റേഡിയോ തൊറാപ്പി യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ കെ ശൈലജ യൂനിറ്റ് നാടിനു സമര്‍പ്പിച്ചു. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിന് കീഴില്‍ മെഡിക്കല്‍ കോളജുകളും എറണാകുളം ജനറല്‍ ആശുപത്രിയും കഴിഞ്ഞാല്‍ നല്ലൂര്‍നാടിലാണ് ഈ സൗകര്യം ലഭ്യമാവുന്നത്. മൂന്നു കോടിയോളം ചെലവ് വരുന്ന ബാബട്രോണ്‍-11 എന്ന ടെലി കോബോള്‍ട്ട് യൂനിറ്റ് സംവിധാനമാണ് ഇവിടെ സ്ഥാപിച്ചത്. വയനാട്ടില്‍ വലിയ തോതില്‍ കണ്ടുവരുന്ന ഹെഡ്‌നെക് കാന്‍സര്‍ ചികില്‍സയ്ക്ക് റേഡിയോ തൊറാപ്പി യൂനിറ്റ് ഏറെ പ്രയോജനപ്പെടും.
അര്‍ബുദ ചികില്‍സയുടെ എല്ലാ ഘട്ടത്തിലും റേഡിയേഷന്‍ നല്‍കാന്‍ ഇനി മുതല്‍ നല്ലൂര്‍നാട്ടിലെ കാന്‍സര്‍ കെയര്‍ യൂനിറ്റിന് കഴിയും. ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള കെട്ടിടവും ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി വന്‍ ചെലവുവരുന്ന ചികില്‍സകള്‍ ഇവിടെ ലഭ്യമാവുന്നതോടെ വയനാടിന് ഇതൊരു സാന്ത്വനമാണ്. അര്‍ബുദ രോഗികളായ ആദിവാസികളടക്കമുളളവര്‍ക്ക് സൗകര്യം ലഭ്യമല്ലെന്ന കാരണത്താല്‍ ഇനി ചികില്‍സ പാതിവഴിയില്‍ നിര്‍ത്തേണ്ടിവരില്ല.
തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ ടെലി മെഡിസിന്‍ യൂനിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ചികില്‍സ തേടുന്ന രോഗികള്‍ക്ക് ലഭ്യമാവും. അര്‍ബുദ ചികില്‍സയ്ക്ക്് ഏറ്റവും പ്രധാനപ്പെട്ടതും ആധുനികവുമായ സംവിധാനങ്ങളുമടങ്ങിയ നാലാം തലമുറയില്‍പ്പെട്ട കോബാള്‍ട്ട് റേഡിയോ തൊറാപ്പി യൂനിറ്റായ ബാബട്രോണ്‍-11ന് പ്രത്യേകതയേറെയാണ്.
ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി നിര്‍മിച്ച 250 ആര്‍എംഎം ഹെഡ് കപ്പാസിറ്റി ശേഷിയുള്ള റിമോട്ട് മോണിറ്ററിങ് ഉപകരണമാണിത്. ലോകത്തിലെ പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങളില്‍ ഇതുപയോഗിക്കുന്നു. ത്രീഡി സാങ്കേതിക വിദ്യയടങ്ങിയ യൂനിറ്റ് ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങില്‍ നോഡല്‍ ഓഫിസര്‍ എം സന്തോഷ് കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ പ്രഭാകരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it