നല്ലാറില്‍ തമിഴ്‌നാടിന്റെ തടയണ: സര്‍ക്കാര്‍ ഇടപെടും - മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാരതപ്പുഴയുടെ പോഷകനദിയായ നല്ലാറിനു കുറുകെ തമിഴ്‌നാട് പുതിയ തടയണ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും പ്രവൃത്തിയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്നും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെങ്കിലും അതിന് അവര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട ജലം കൃത്യമായ അളവില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 8, 12 തിയ്യതികളില്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പാലക്കാട് ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമവും വരള്‍ച്ചയുംമൂലം കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നവും കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 2018 ഫെബ്രുവരി 26ന് ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ മണക്കടവ് വിയറില്‍ മാര്‍ച്ച് ഒന്ന് വരെ 400 ക്യൂസെക്‌സും മാര്‍ച്ച് 15 വരെ 300 ക്യൂസെക്‌സ് അളവിലും ജലം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നു. അതിനുശേഷമുള്ള ജലവിതരണം തുടര്‍ന്നുള്ള ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കുശേഷം നിശ്ചയിക്കാമെന്നും ധാരണയായി.
എന്നാല്‍, ധാരണപ്രകാരമുള്ള ജലം ലഭ്യമാവാതെ വന്നപ്പോള്‍ നാം വീണ്ടും ഇടപെടുകയുണ്ടായി. തുടര്‍ന്ന്, ഏറെക്കുറെ കൃത്യമായി ജലം ലഭിച്ചെങ്കിലും മാര്‍ച്ച് 15ലെ കണക്ക് പ്രകാരം 500 ദശലക്ഷം ഘനയടിയുടെ കുറവ് വന്നിട്ടുണ്ട്. ഈ കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ടും മാര്‍ച്ച് 16 മുതല്‍ 31 വരെ 200 ക്യൂസെക്‌സും അതിനുശേഷം മെയ് 15 വരെ 100 ക്യൂസെക്‌സും ജലം മണക്കടവ് വിയറില്‍ ലഭ്യമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടി വി രാജേഷിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. നിയമനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി രൂപീകരിക്കാനും നിലവിലുള്ളവയില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഹൗസ് വളപ്പില്‍ 150 മുറികള്‍, ഡോര്‍മെറ്ററികള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ബിസിനസ് സെന്റര്‍ എന്നിവയോടുകൂടിയ അതിഥി മന്ദിരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി കെ സി ജോസഫിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
Next Story

RELATED STORIES

Share it