malappuram local

നറുകരയില്‍ മാംസാവശിഷ്ടം തള്ളാനെത്തിയ സംഘം പിടിയില്‍

മഞ്ചേരി: മാംസാവശിഷ്ടങ്ങള്‍ പൊതുനിരത്തുവക്കില്‍ തള്ളാനെത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി. മഞ്ചേരി നഗരസഭയില്‍ നറുകര അമൃത വിദ്യാലയത്തിനടുത്താണു സംഭവം. മാലിന്യം തള്ളാന്‍ ശ്രമിച്ച പെരിന്തല്‍മണ്ണ ചെത്തല്ലൂര്‍ സ്വദേശികളായ ബംഗ്ലാവില്‍ റഷീദ്, ബംഗ്ലാവില്‍ മുഹമ്മദ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ഈ രണ്ടു പേര്‍ക്കെതിരെയും വാഹനത്തിന്റെ ആര്‍സി ഉടമയ്‌ക്കെതിരെയും മഞ്ചേരി പോലിസ് കേസെടുത്തു.
കൊണ്ടോട്ടി ഭാഗത്തു നിന്നു കെഎല്‍ 50 ഇ 1346 നമ്പര്‍ പിക്കപ്പ് വാനിലാണു മാംസാവശിഷ്ടങ്ങള്‍ കൊണ്ടുവന്നത്. ഇത് രാത്രിയുടെ മറവില്‍ നറുകരയ്ക്കും ആലിക്കലിനുമിടയിലെ വിജനമായ സ്ഥലത്ത് റോഡരികില്‍ തള്ളാനായിരുന്നു ശ്രമം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചേര്‍ന്ന് വാഹനം തടയുകയായിരുന്നു. പിന്നീട് പോലിസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലിസ് സംഘം മാലിന്യം കൊണ്ടുവന്നവരെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ഭാഗത്തെ പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവരുന്ന മാലിന്യം അവിടെയെത്തിക്കാതെ പൊതു സ്ഥലങ്ങളില്‍ തള്ളുകയാണു പതിവ്. സംസ്‌കരണ കേന്ദ്രത്തിലെ സര്‍വീസ് ചാര്‍ജ് ലാഭിക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മാലിന്യ പ്രശ്‌നം ജനജീവിതത്തെ നേരിട്ട ബാധിച്ചു തുടങ്ങിയതോടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരസഭയിലും പോലിസിലും ജനങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടലില്ലാതായതോടെ ജനങ്ങള്‍ നേരിട്ട് മാലിന്യ പ്രശ്‌നത്തിനെതിരേ ജാഗ്രത പുലര്‍ത്തുകയാണ്. ഇതിനിടെയാണ് വീണ്ടും മാലിന്യം തള്ളാന്‍ നീക്കമുണ്ടായത്.
Next Story

RELATED STORIES

Share it