നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ആരംഭിച്ചു

റഷീദ് ഖാസിമി

റിയാദ്: മുമ്പ് ലോകത്തെ ഇന്ത്യ നോക്കുകയായിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയെ ലോകം ഉറ്റുനോക്കുന്ന സ്ഥിതിയിലേക്ക് രാജ്യം പുരോഗമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ പ്രധാനമന്ത്രി റിയാദില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
വാഷിങ്ടണില്‍ നടന്ന ആണവസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ സൗദി സാമ്പത്തികാസൂത്രണ മന്ത്രി എന്‍ ജി ആദില്‍ ഫഖീഹ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. 5.30ന് റിയാദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രം സംസാരിച്ച പ്രധാനമന്ത്രി സൗദിയിലെ പ്രവാസി സമൂഹത്തെ കുറിച്ച് ഒരുവാക്കും സംസാരിച്ചില്ല.
വര്‍ഷങ്ങളായി ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് മോദി പരാമര്‍ശിക്കാതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. പ്രവാസി സമൂഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം 5.45 ഓടെ പ്രധാനമന്ത്രി എല്‍ആന്റ്ടി കമ്പനിയിലെ തൊഴിലാളികളുടെ താമസകേന്ദ്രം സന്ദര്‍ശിക്കുന്നതിനായി മടങ്ങി. ഇന്നുച്ചയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നരേന്ദ്ര മോദി ഇന്ത്യയിലേക്കു തിരിക്കും.
Next Story

RELATED STORIES

Share it