ernakulam local

നരേന്ദ്ര മോഡി- അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും: വി എം സുധീരന്‍

കൊച്ചി: നരേന്ദ്ര മോഡി- അമിത്ഷാ കൂട്ടുകെട്ട് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അയ്യപ്പന്‍കാവില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര വിശ്വാസത്തിലധിഷ്ടിതമായ രാജ്യത്തെ വര്‍ഗീയ വല്‍കരിക്കുന്ന ഫാഷിസ്റ്റ് നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഇതിനെതിരേ പ്രതികരിക്കുന്നവരെ ഉന്മൂലനാശം ചെയ്ത് ഭരിക്കുന്ന നയമാണ് മോഡി-അമിത്ഷാ കൂട്ടുകെട്ട് കാഴ്ച്ചവയ്ക്കുന്നത്. ഇതിന് തെളിവാണ് ദാദ്രി സംഭവവും, ദലിത് കുട്ടികളെ ചുട്ടെരിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാന്‍ പോവുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു.
കേരളത്തില്‍ ഇടതുമുന്നണി അക്രമികളെയും കുറ്റവാളികളെയുമാണ് സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നത്. കാരായിമാരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനമെടുത്തതിലൂടെ ഇടതുമുന്നണി കേരളത്തിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ അക്രമരാഷ്ട്രീയത്തിനും ദേശീയതലത്തില്‍ നടന്നുവരുന്ന ഫാഷിസ്റ്റ് നയങ്ങള്‍ക്കുമെതിരേയുള്ള ജനങ്ങളുടെ മനോഭാവമാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ തെളിയുകയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ വികസനത്തിനായി ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഭരണം 400 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. കൊച്ചിയില്‍ ആവശ്യം വേണ്ട മേല്‍പാലങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പദ്ധതികള്‍ നടപ്പാക്കി മാതൃകാപരമായ ഭരണം കാഴ്ചവച്ചു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ വിശകലനം കൂടിയാണിത്.
യുഡിഎഫ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഭരണതുടര്‍ച്ച ആവശ്യമാണ് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ ബാബു, പഫ. കെ വി തോമസ് എം പി, വി ജെ പൗലോസ്, മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഹസീന സയ്യിദ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it