നരേന്ദ്രമോദി ഇന്ന് ഖത്തറില്‍മൂന്നു പ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയുമായി ഖത്തറില്‍ സന്ദര്‍ശനം നടത്തും. അഫ്ഗാനിസ്താന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്നു വൈകീട്ടാണ് മോദി ഖത്തറിലെത്തുന്നത്. ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ നിര്‍മിച്ച സല്‍മാ അണക്കെട്ടിന്റെ ഉദ്ഘാടനമാണ് അഫ്ഗാനിസ്താനിലെ പ്രധാന പരിപാടി. സന്ദര്‍ശനവേളയില്‍ നൈപുണി വികസനം, ടൂറിസം, കസ്റ്റംസ് മേഖലകളില്‍ മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കും. കരാറുകള്‍ക്കു കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. നൈപുണി വികസനം, തൊഴിലാളികളുടെ യോഗ്യതാ അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തില്‍ തൊഴില്‍ശക്തി കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം യുവജനങ്ങള്‍ക്കു ഖത്തറില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും പ്രാധാന്യം നല്‍കും. ടൂര്‍ ഓപറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, രണ്ടു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയിലെ ടൂറിസം കമ്പനികള്‍ എന്നിവ തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുകയാണ് ടൂറിസം മേഖലയില്‍ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ പൊതു, സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുക, ദീര്‍ഘകാല സഹകരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, ടൂര്‍ ഓപറേറ്റര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരസ്പര സന്ദര്‍ശനത്തിന് കളമൊരുക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. 2015ല്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത് 6000ലേറെ സന്ദര്‍ശകരാണ്. മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യക്ക് ഗള്‍ഫില്‍ നിന്നു വലിയ സാധ്യതകളാണുള്ളത്. കസ്റ്റംസ് രംഗത്തെ സഹകരണത്തിനുള്ള കരാറാണു മൂന്നാമത്തേത്. കസ്റ്റംസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും സഹകരിക്കുന്നതിനു കരാര്‍ വഴിവയ്ക്കും. വ്യപാര മേഖലയിലും കരാര്‍ സഹായകമാവും. ഇരുരാജ്യങ്ങളിലേക്കും കയറ്റിയയക്കുന്ന ചരക്കുകള്‍ക്കു കാര്യക്ഷമമായ ക്ലിയറന്‍സ് ലഭിക്കുന്നതിനും ധാരണാപത്രം ഊര്‍ജം പകരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരട് ധാരണാപത്രവും അമീരി ദിവാനില്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.സാമ്പത്തിക കുറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും ഭീകരവാദത്തിനു പണം കൈമാറുന്നതും അതുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങളുമാണു ധാരണാപത്രത്തിന്റെ പരിധിയില്‍ വരുന്നത്. 2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ യുവജന കായികമേഖലയില്‍ ഇന്ത്യ- ഖത്തര്‍ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം, ഖത്തര്‍ സന്ദര്‍ശനം മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചതായിട്ടും വിപുലമായ ഒരുക്കങ്ങളോ പ്രചാരണമോ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്മ്യൂണിറ്റി നേതാക്കള്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it