Editorial

നരേന്ദ്രമോദിയുടെ ബിരുദ വിവാദം

നാടുഭരിക്കാനും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ഉന്നതവിദ്യാഭ്യാസമോ ബിരുദ-ബിരുദാനന്തര ബിരുദമോ ആവശ്യമേയല്ല. വിവരസ്ഥന്‍മാരായ ആളുകള്‍ ഭരണരംഗത്ത് തികഞ്ഞ പരാജയങ്ങളായതും അക്ഷരം കൂട്ടിവായിക്കാന്‍പോലും അറിയാത്തവര്‍ മികച്ച ഭരണാധികാരികളായതുമൊക്കെ ചരിത്രസംഭവങ്ങളാണ്. രാജവാഴ്ച മുതല്‍ ആധുനിക ജനാധിപത്യവ്യവസ്ഥയോളം ഈ അവസ്ഥയുടെ നിരവധി ഉദാഹരണങ്ങള്‍ കാണാം. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നു കാമരാജനാടാര്‍ക്ക്. പക്ഷേ, അദ്ദേഹം തമിഴ്‌നാട് കണ്ട ഏറ്റവും കാര്യപ്രാപ്തിയുള്ള മുഖ്യമന്ത്രിയും ഏറ്റവും മികച്ച കോണ്‍ഗ്രസ് അധ്യക്ഷരിലൊരാളുമായിരുന്നു. അതായത്, ബിരുദവും വിദ്യാഭ്യാസവുമല്ല, അതിനപ്പുറത്ത് സ്ഥിതിചെയ്യുന്ന പലതുമാണ് മികച്ച ഭരണാധികാരികളെ സൃഷ്ടിക്കുന്നത്.
പക്ഷേ, നമ്മുടെ നാട്ടിലെ ഭരണാധികാരികളില്‍ പലര്‍ക്കും തങ്ങള്‍ വിദ്യാസമ്പന്നരാണെന്നു കാണിച്ച് ജനങ്ങള്‍ക്കു മുമ്പാകെ ഞെളിയാന്‍ വലിയ താല്‍പര്യമാണ്. അതിനാല്‍ ഉള്ളതും ഇല്ലാത്തതുമായ നിരവധി ബിരുദങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് അവരുടെ നടപ്പ്. തിരഞ്ഞെടുപ്പുവേളകളില്‍ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തുമ്പോള്‍ പലരും ഇല്ലാത്ത പല യോഗ്യതകളുമുണ്ടെന്ന് വച്ചുകാച്ചി. അതിപ്പോള്‍ ഒരുപാടുപേര്‍ക്ക് വിനയായിരിക്കുകയാണ്. മന്ത്രി ജയലക്ഷ്മി കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് 'ബിരുദധാരിണി'യായിരുന്നു. ബിരുദമുണ്ടെന്ന വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് ഒരാള്‍ പരാതികൊടുത്തതിന്റെ പേരില്‍ കേസിലകപ്പെട്ട അവര്‍ ഈ പ്രാവശ്യം പൊടുന്നനെ പ്രീഡിഗ്രിക്കാരിയായി വെളിപ്പെട്ടു. ഇതുതന്നെയാണ് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെയും സ്ഥിതി. ബികോം ബിരുദധാരിയാണെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹവും കേസില്‍പ്പെട്ടു. ഇത്തവണ ആള്‍ പ്രീഡ്രിഗ്രിക്കാരനായി ജനസമക്ഷം വിനയപൂര്‍വം കൈകൂപ്പി നില്‍ക്കുന്നു.
കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയും വ്യാജ ബിരുദക്കേസിലകപ്പെട്ട് കുഴപ്പത്തിലായിരിക്കുകയാണ്. ഇത്തരം വ്യാജ അവകാശവാദങ്ങളെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാന്‍ തുടങ്ങിയാല്‍ കോണ്‍ഗ്രസ്സും ബിജെപിയും ഇടതുപക്ഷവുമെന്നുവേണ്ട അഴിമതിവിരോധത്തിന്റെ ആള്‍രൂപങ്ങളായ ആം ആദ്മിക്കാര്‍ വരെ പ്രതിക്കൂട്ടിലായിരിക്കും. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും വ്യാജ ബിരുദ വിവാദത്തിലകപ്പെട്ടിരിക്കുന്നു. വിവാദത്തെ തുടര്‍ന്ന് മോദി ഒന്നാംക്ലാസില്‍ ബിരുദാനന്തരബിരുദം പാസായി എന്ന് ഗുജറാത്ത് സര്‍വകലാശാല വെളിപ്പെടുത്തി. എന്നാല്‍, ബിരുദമോ? ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് താന്‍ ബിരുദം നേടി എന്നാണ് മോദിയുടെ അവകാശവാദം. പക്ഷേ, സര്‍വകലാശാലയുടെ പക്കല്‍ അതിന് ഉപോദ്ബലകമായ യാതൊരു രേഖയുമില്ലപോല്‍. ഈ സാഹചര്യത്തില്‍ മോദിയുടെ ബിഎ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ന്യായയുക്തമാണ്. സീസറുടെ ഭാര്യ വിശുദ്ധയായാല്‍ പോരാ, വിശുദ്ധയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണം.
ഇത്തരം വിവാദങ്ങള്‍ ഒരു ചോദ്യത്തിലേക്കു കൂടി വിരല്‍ചൂണ്ടുന്നു- രാഷ്ട്രവ്യവഹാരത്തില്‍ താരതമ്യേന നിസ്സാരമായ വിദ്യാഭ്യാസയോഗ്യതയുടെ കാര്യത്തില്‍പ്പോലും കള്ളംപറയുന്നവര്‍ ഭരണനിര്‍വഹണത്തില്‍ എന്തൊക്കെ കള്ളങ്ങളാണ് ചെയ്തുകൂട്ടുക?
Next Story

RELATED STORIES

Share it