World

നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങും കൂടിക്കാഴ്ച നടത്തി

ബെയ്ജിങ്: സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങും കൂടിക്കാഴ്ച നടത്തി.
തര്‍ക്കവിഷയങ്ങള്‍ മാറ്റിവച്ചു പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഇരുനേതാക്കളും മുന്നോട്ടുവച്ചത്. 2019ല്‍ അടുത്ത കൂടിക്കാഴ്ചയ്ക്കായി ഷി ജിന്‍ പെങിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ഇരുനേതാക്കളും പങ്കുവച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് റവീശ് കുമാര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നില്ല.
കഴിഞ്ഞ 1600 വര്‍ഷമായി ഇന്ത്യയും ചൈനയുമാണ് ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 50 ശതമാനത്തില്‍ അധികവും സംഭാവന ചെയ്തതെന്നു മോദി അഭിപ്രായപ്പെട്ടു.
ജിന്‍ പെങുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ അനുകൂല അന്തരീക്ഷമാണ് അനുഭവപ്പെട്ടതെന്നും ഇന്ത്യക്ക് നേരെയുള്ള ജിന്‍ പെങിന്റെ സ്‌നേഹമാണ് സഹൃദയ ആതിഥേയത്വത്തിലൂടെ വെളിവായതെന്നും മോദി പറഞ്ഞു.
ലോകജനതയുടെ 40 ശതമാനം വരുന്ന ജനസംഖ്യക്കായി എന്ത് ചെയ്യാനാവുമെന്നു ചിന്തിക്കണമെന്നു മോദി അഭിപ്രായപ്പെട്ടു. ലോകസമാധാനത്തിനും പുരോഗതിക്കുമായി ശക്തമായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യക്കും ചൈനയ്ക്കും കഴിയുമെന്നു ജിന്‍ പെങ് പ്രതികരിച്ചു.  രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് മോദി ചൈനയിലെത്തിയത്. മാവോ സെ തുങിന്റെ അവധിക്കാല വസതിയായിരുന്ന വുഹാനിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഹൂബീ പ്രൊവിന്‍ഷ്യല്‍ മ്യൂസിയത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയിലും മോദി പങ്കെടുത്തു. ദോക്‌ലാം കൂടാതെ ജയ്‌ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ വിട്ടുകിട്ടല്‍, ചൈന-പാക് സാമ്പത്തിക ഇടനാഴി, ആണവ വിതരണ സഖ്യത്തിലെ ഇന്ത്യയുടെ അംഗത്വം എന്നീ വിഷയങ്ങളില്‍  അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it