Flash News

നരേന്ദ്രമോഡിയുടെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി 'പ്രകാശനം' ചെയ്തു

നരേന്ദ്രമോഡിയുടെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പ്രകാശനം ചെയ്തു
X
prakasan

[caption id="attachment_78627" align="aligncenter" width="850"]degree ബിജെപി നേതാക്കള്‍ ഇന്നു പുറത്തു വിട്ട മോഡിയുടെ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്[/caption]

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തുവിട്ടു. മോഡിയുടെ വിദ്യാഭ്യാസയോഗ്യതകള്‍ സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംശയമുന്നയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മോഡിയുടെ ബിഎ, എം എ ബിരുദങ്ങളുടെ പകര്‍പ്പുകള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആരോപണമുന്നയിച്ച കെജ്രിവാള്‍ പ്രധാനമന്ത്രിയോടും രാജ്യത്തോടും മാപ്പു പറയണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു.
നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ കഴിഞ്ഞാഴ്ച കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടിയായി രേഖകളൊന്നും തന്നെ കെജ്രിവാളിന് ഇനിയും ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രിക്ക് യാതൊരു ബിരുദവും ഇല്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെന്നും ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നുമാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പ്രഫസര്‍ എം ശ്രീധര്‍ ആചാര്യലൂവിന് അയച്ച കത്തില്‍ കെജരിവാള്‍ ആവശ്യപ്പെട്ടിരുന്നത്. കെജ്രിവാളിന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് മോഡിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ കെജ്രിവാളിന് നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത്് സര്‍വകലാശാലയോടും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടു പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കെജ്രിവാളിന്റെ കത്തുമായി ഡല്‍ഹി സര്‍വകലാശാല അധികൃതരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെങ്കിലും വിവരങ്ങള്‍ ലഭിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാനാണ് സര്‍വകലാശാല  അധികൃതര്‍ നേതാക്കളോട് ആവശ്യപ്പെട്ടത്്. ഇതേത്തുടര്‍ന്ന് മോഡിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്  കെജ്രിവാള്‍ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. മോഡിയുടെ അഡ്മിഷന്‍ഫോമോ, മാര്‍ക്ക് ഷീറ്റോ സര്‍ട്ടിഫിക്കറ്റോ ഡല്‍ഹി സര്‍വകലാശാലയുടെ പക്കലില്ലെന്നാണ് കെജ്രിവാള്‍ ആരോപിച്ചത്്. ബിഎ എടുക്കാതെ അദ്ദേഹം എങ്ങിനെ എംഎ എടുത്തുവെന്നും മോഡിയുടെ എംഎ വ്യാജമാണോ എന്ന സംശയമുയര്‍ന്നിരിക്കുകയാണെന്നും കത്തില്‍ ആരോപിച്ചിരുന്നു.
മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സത്യാവസ്ഥ അറിയാന്‍ രാജ്യത്തിന് ആകാംഷയുണ്ടെന്നും ഇത് പൊതുജനത്തിന് വെളിപ്പെടുത്തി കൊടുക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്. മോഡിയുടെ യോഗ്യത എന്തിന് മറിച്ചുവയ്ക്കണമെന്നും കത്തില്‍ കെജരിവാള്‍ ചോദിച്ചിരുന്നു.
മോഡിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുത്തെന്നാണ് കാണിച്ചിരിക്കുന്നത്. നേരത്തെ വിവരാവകാശ നിയമപ്രകാരം  മോഡിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരം യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പരാതി തള്ളിയിരുന്നു.

[related]
ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമായി ഉണ്ടാക്കിയതാണെന്നും അതിനാലാണ് ഡല്‍ഹി സര്‍വകലാശാല അതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ ആരോപിച്ചിരുന്നു. മോഡി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എ ബിരുദമെടുത്തിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ഡല്‍ഹി സര്‍വകലാശാലയുടെ പക്കല്‍ യാതൊരു രേഖയുമില്ലെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it