നയതന്ത്ര പോര് നിര്‍ത്താന്‍ ഇന്ത്യ-പാക് ധാരണ

ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും ഇരു രാജ്യങ്ങളും മോശമായി പെരുമാറുന്നുവെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് പിന്നാലെ വിഷയം സംയുക്തമായി പരിഹരിക്കാന്‍ ഇന്ത്യ-പാക്ക് ധാരണ. 1992ലെ ഇന്ത്യ-പാക് നയതന്ത്ര പെരുമാറ്റ ചട്ടം അനുസരിച്ച് പരിഹാരം കാണാനാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. നയതന്ത്ര ബന്ധം തടസ്സമില്ലാതെ നിലനിര്‍ത്തുക, ശാരീരികമായോ വാക്കുകൊണ്ടോ തര്‍ക്കമില്ലാതെ സൂക്ഷിക്കുക, ഫോണ്‍ ബന്ധം വേര്‍പെടുത്തുന്ന നീക്കങ്ങള്‍ ഇല്ലാതിരിക്കുക തുടങ്ങിയവയാണ് 1992ലെ ഉഭയകക്ഷി പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകള്‍.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് താമസിക്കാന്‍ വേണ്ടി പാര്‍പ്പിട സമുച്ചയം നിര്‍മാണം ആരംഭിച്ചതോടെയാണ് നയതന്ത്ര തര്‍ക്കങ്ങള്‍ ആരംഭിച്ചത്. പാകിസ്താന്റെ തലസ്ഥാനനഗരിയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് താമസിക്കാനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തൊഴിലാളികളെ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് അയക്കാന്‍ തീരുമാനിച്ചതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
നിര്‍മാണ കമ്പനിയിലെ എന്‍ജിനീയര്‍മാര്‍ക്കും മറ്റും ഇസ്‌ലാമാബാദിലേക്ക് വിസ അനുവദിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് നിര്‍മാണപ്രവൃത്തിയുടെ കരാര്‍ ഇസ്‌ലാമാബാദിലെ പ്രാദേശിക കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിച്ചു. എന്നാല്‍, ഫെബ്രുവരി 16ന് പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ റെയ്ഡ് നടത്തുകയും ജല, വൈദ്യുത കണക്ഷനുകള്‍ വിച്ഛേദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനെതിരേ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it