kozhikode local

നമ്മുടേത് വേര്‍തിരിവുകളില്ലാത്ത സമ്മിശ്ര സംസ്‌കാരം: സ്പീക്കര്‍

പേരാമ്പ്ര: വേര്‍തിരിവുകളും വിഭാഗീയതയുമില്ലാത്ത സമ്മിശ്ര സംസ്‌കാരമാണ് നമ്മുടേതെന്നും അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച ‘വികസന മിഷന്‍ 2015’ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. മണ്ഡലം എംഎല്‍എയും തൊഴില്‍ എക്‌സൈസ് മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമന്വയത്തിലൂടെ രൂപപ്പെട്ട സമൂഹമാണ് കേരളത്തിലേതെന്നും ഇതാണ് സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ ഉള്ളടക്കവും ശക്തിയുമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുമയുടെ മഹാ വിളംബരമായ പേരാമ്പ്ര ഫെസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ വിസ്മയ മേളയാണെന്നും ഇത് സംസ്ഥാനത്തിന് ആകെ മാതൃകയാണെന്നും സ്പീക്കര്‍ പറഞ്ഞു. നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചത്. നാട്ടുപെരുമ എന്ന പേരില്‍ ദൃശ്യാവിഷ്‌ക്കാരത്തോടെ ഒരുക്കിയ സ്വാഗതഗാനവും ചടങ്ങിന് കൊഴുപ്പേകി. എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, സി കെ നാണു, വി കെ സി മമ്മദ്‌കോയ, കെ ദാസന്‍, ഇ കെ വിജയന്‍, കാരാട്ട് റസാഖ്, എ പ്രദീപ്കുമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, മുന്‍ മന്ത്രി പി ശങ്കരന്‍, മുന്‍ എംഎല്‍എമാരായ എ കെ പദ്മനാഭന്‍ മാസ്റ്റര്‍, എന്‍ കെ രാധ, കെ  കുഞ്ഞമ്മദ് മാസ്റ്റര്‍, പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എ സി സതി, പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗോകുലം ഗോപാലന്‍, പട്ടാഭി രാമന്‍ പങ്കെടുത്തു. ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ് മാസ്റ്റര്‍, കണ്‍വീനര്‍ പി ബാലന്‍ അടിയോടി സംസാരിച്ചു.
മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള ജനകീയ വികസന മുന്നേറ്റത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ഫെസ്റ്റ് എന്ന പേരില്‍ ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ വ്യവസായിക പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it