Flash News

നമ്മുടെ ഛേത്രി, ലോകത്ത് നാലാമന്‍



ബംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജൈത്രയാത്രയുടെ തേരാളി സുനില്‍ ഛേത്രിക്ക് പുതിയ റെക്കോഡ്. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടിക്കൊണ്ടാണ് ഇന്ത്യന്‍ നായകന്‍ റെക്കോഡ് കുറിച്ചത്. കിര്‍ഗിസ്താനെതിരേ ഗോള്‍ നേടിയതോടെ പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോളര്‍ വെയ്ന്‍ റൂണിയെ ഛേത്രി പിന്തള്ളി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി 54 ഗോളുകളാണ് ഛേത്രി നേടിയത്. റൂണിയാവട്ടെ ആകെ 53 ഗോളുകളേ നേടിയിട്ടുള്ളൂ. യുഎസിന്റെ ഡെംപസി (56), അര്‍ജന്റീനയുടെ ലയണല്‍ മെസ്സി (58), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (73) എന്നിവരാണ് പട്ടികയില്‍ ഛേത്രിയുടെ മുകളിലുള്ള മൂന്ന് താരങ്ങള്‍. 2013ല്‍ ബെയ്ച്ചുങ് ബൂട്ടിയയുടെ 42 ഗോളുകള്‍ എന്ന ഇന്ത്യന്‍ ടോപ് സ്‌കോറര്‍ റെക്കോഡ് സുനില്‍ ഛേത്രി മറികടന്നിരുന്നു.അതേസമയം, ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം അടുത്തിടെ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ ദിവസത്തെ വിജയമെന്ന് സുനില്‍ ഛേത്രി പ്രതികരിച്ചു. ഉഗ്രന്‍ പ്രകടനമായിരുന്നു അതെന്ന് 12 വര്‍ഷത്തെ തന്റെ ദേശീയ ഫുട്‌ബോള്‍ ജീവിതം കൊണ്ട് ഉറപ്പിക്കാമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മുഖ്യ എതിരാളിയായിരുന്ന കിര്‍ഗിസ്താനെ പരാജയപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ക്യാപ്റ്റന്‍. 'ആദ്യ പകുതി എതിരാളികളില്‍ നിന്ന് കനത്ത വെല്ലുവിളിയുണ്ടായി. ഞങ്ങള്‍ക്ക് പലപ്പോഴും പൊസിഷന്‍ കീപ്പ് ചെയ്യാന്‍ സാധിച്ചില്ല. ഞങ്ങളുടെ ഹോം മല്‍സരമായിരിന്നിട്ട് കൂടി, പന്തടക്കത്തില്‍ അവര്‍ക്കായിരുന്നു മുന്‍തൂക്കം. അതിനാല്‍ തന്നെ ഇടവേളയില്‍ ഡ്രസ്സിങ് റൂമില്‍ ആര്‍ക്കും സന്തോഷം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളത്തിലിറങ്ങിയ ഞങ്ങള്‍ കരുത്ത് വീണ്ടെടുത്തു. ഞങ്ങള്‍ക്ക് കിട്ടിയ എല്ലാ അവസരങ്ങളും ലക്ഷ്യത്തിലേക്ക് തന്നെ തൊടുത്തു. ഗോള്‍ കീപ്പര്‍ മുതല്‍, ഡിഫന്‍സിലും മിഡ്ഫീല്‍ഡിലും എല്ലാ പൊസിഷനിലും നമ്മള്‍ മികവ് പുലര്‍ത്തി. എല്ലാവരും ഒരുപോലെ യത്‌നിച്ചു'- ഛേത്രി പറഞ്ഞു. ഫിറ്റ്‌നസ് വിഷയമായതിനാല്‍ ഛേത്രിയുടെ കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നു,  എന്നാല്‍ അദ്ദേഹം അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചെന്നും പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it