Kollam Local

നമ്പിമണ്‍കടവ് തൂക്കുപാലം നവീകരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും

കൊല്ലം: കൊല്ലം ജില്ലയിലെ കുളക്കട, പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപ്പഞ്ചാത്തുകളെ ബന്ധിപ്പിക്കുന്ന നമ്പിമണ്‍കടവ്  തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശ്രയിക്കുന്ന പാലം പരിശോധിച്ച് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  മാര്‍ച്ച് 31 ന് കൊല്ലം ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നുള്ള ഫണ്ട് വിനിയോഗിച്ച് 2012ലാണ് പാലം നിര്‍മിച്ചത്. നിര്‍മാണം നടത്തിയ  കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (കെല്‍) ക്കുതന്നെയാണ് നവീകരണച്ചുമതല.
കുളക്കട ഗ്രാമപ്പഞ്ചായത്തിന്റെ ആസ്തിയായ പാലത്തിന്റെ നവീകരണത്തിനായി പഞ്ചായത്ത് 6.75 ലക്ഷം രൂപ ചെലവഴിക്കും. ശേഷിക്കുന്ന ആറു ലക്ഷം രൂപ കൊല്ലം ജില്ലാ പഞ്ചായത്ത് വിഹിതമായി ഗ്രാമപ്പഞ്ചായത്തിന് നല്‍കും. നിലവില്‍ നവീകരണ പ്രവര്‍ത്തിക്കായി കുളക്കട പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നാലു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക 6.75 ലക്ഷം രൂപയായി ഉയര്‍ത്തി അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നല്‍കാനും യോഗത്തില്‍ ധാരണയായി. പാലത്തിന്റെ കേടുപാടു സംഭവിച്ച കൈവരികളും സ്ലാബുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള നപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും തുടര്‍ന്നങ്ങോട്ട് എല്ലാ വര്‍ഷവും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മി, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി, കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി കൃഷ്ണകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദ രാജന്‍, കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍, കൊല്ലം ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it