നമസ്‌കാരം പള്ളിയില്‍ മാത്രമാക്കണം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ പൊതുസ്ഥലങ്ങളില്‍ കാലങ്ങളായി നടന്നുവരുന്ന ജുമുഅ നമസ്‌കാരം സംഘപരിവാര പ്രവര്‍ത്തകര്‍ തടയുന്നത് പതിവായതോടെ, ഇതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
വെള്ളിയാഴ്ച നമസ്‌കാരം പള്ളികളിലോ ഈദ്ഗാഹുകളിലോ മാത്രം നടത്തിയാല്‍ മതിയെന്നാണ് ആര്‍എസ്എസ് പ്രചാരകായിരുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്. പള്ളികളിലും ഈദ്ഗാഹുകളിലും സ്ഥലം മതിയാവുന്നില്ലെങ്കില്‍ സ്വകാര്യ സ്ഥലങ്ങളില്‍ നമസ്‌കരിച്ചാല്‍ മതി. ഇതൊന്നും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹരിയാനയിലെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ട് നമസ്‌കാരം തടസ്സപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം നടക്കുന്നത് നേരത്തേ മുതല്‍ നിലവിലുള്ളതാണ്. എന്നാല്‍, ഈയിടെയായി നിരവധി പ്രശ്‌നങ്ങളുയര്‍ന്നുവന്നു. അതിനാല്‍ ഇക്കാര്യം ഏറെ സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിലല്ല നമസ്‌കാരം നടത്തേണ്ടത്, അതിനു യോജിച്ച മറ്റു സ്ഥലങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംകള്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് സംഘപരിവാര സംഘടനകളായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ അക്രമം അഴിച്ചുവിട്ട് നമസ്‌കാരം തടസ്സപ്പെടുത്തുന്നത്. ഹരിയാനയിലെ വസീറാബാദ്, കട്ടാരി ചൗക്ക്, സൈബര്‍ പാര്‍ക്ക്, ഭക്തവാര്‍ ചൗക്ക്, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം തടഞ്ഞതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it