Most popular

നബിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം അഹന്തയില്‍ നിന്ന്: സമസ്ത

കോഴിക്കോട്: സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും നീതിക്കും പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാമെന്നും വിശുദ്ധ ഖുര്‍ആനെയും തിരുനബിയെയും സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അഹന്തയില്‍നിന്നുടലെടുത്തതാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു.
മുസ്‌ലിം വ്യക്തി നിയമത്തിലൂടെ ശരീഅത്ത് നിയമങ്ങള്‍ ആചരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമാണെന്നും ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ വേര്‍തിരിച്ച് അക്രമിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചുരുങ്ങിയ പക്ഷം തങ്ങളുടെ പദവിയെപ്പറ്റിയും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണെന്ന് ജ. കെമാല്‍ പാഷയുടെ ശരീഅത്ത് സംബന്ധമായ അഭിപ്രായങ്ങള്‍ പരാമര്‍ശിക്കവെ സമസ്ത അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സെക്കുലറിസത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സുന്നി സമൂഹം ശരീഅത്തിനെതിരേയുള്ള ഏതു കടന്നാക്രമണത്തെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ഏകസിവില്‍കോഡിന് വേണ്ടിയുള്ള ഏതു ശ്രമങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുശാവറ പ്രസ്താവനയില്‍ പറഞ്ഞു. അലി ബാഫഖി, ആലിക്കുഞ്ഞി മുസ്‌ല്യാര്‍ ശിറിയ പങ്കെടുത്തു.
Next Story

RELATED STORIES

Share it