Middlepiece

നബിയെ പിന്‍പറ്റുന്നതാണ് പ്രവാചകസ്‌നേഹം

നബിയെ പിന്‍പറ്റുന്നതാണ് പ്രവാചകസ്‌നേഹം
X
priyappetta nabiറബീഉല്‍ അവ്വല്‍ എന്നാല്‍ പ്രഥമ വസന്തം എന്നാണര്‍ഥം. റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകപ്രഭുവായ നബി കരീമിന്റെ ജനനം. ലോകത്തിന്റെ കാരുണ്യമാണ് അന്ത്യപ്രവാചകന്‍ എന്ന് അല്ലാഹു വ്യക്തമാക്കുന്നു. സകലമാന അടിമത്വത്തില്‍നിന്നും മനുഷ്യരെ മോചിപ്പിച്ച് ഏകദൈവത്തിന്റെ അടിമകളാക്കുക എന്ന മഹാദൗത്യമാണ് അന്ത്യപ്രവാചകന്‍ ഏറ്റെടുത്തത്. ഇസ്‌ലാം എന്നാല്‍ വണക്കവും സമാധാനവുമാണ്. പ്രകൃതിയോടു സമരസപ്പെടുന്നതുവഴിയാണ് സമാധാനമുണ്ടാവുന്നത്. മനുഷ്യന്റെ പ്രകൃതി പൊതുവില്‍ സമാധാനം ഇഷ്ടപ്പെടുന്നു. സംഘര്‍ഷമല്ല അവന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ നീതിയും സമത്വവും പാലിക്കുമ്പോള്‍          സംഘര്‍ഷം കുറയുന്നു. പ്രവാചകപാഠ ങ്ങളുടെ പൊരുളാണിത്. യഹൂദരുടെ വേദഗ്രന്ഥമായ തോറയിലും ക്രൈസ്തവരുടെ വേദഗ്രന്ഥമായ പുതിയ നിയമത്തിലും പ്രവാചകനെപ്പറ്റി പരാമര്‍ശമുണ്ട്. അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബി ഹിജാസിലെ മനുഷ്യര്‍ക്ക് സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ തടയുകയും നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്തു. മനുഷ്യരുടെ ഭാരങ്ങളും വിലങ്ങുകളും ഇറക്കിവച്ചു. അദ്ദേഹത്തെ പിന്‍പറ്റുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ പിന്‍പറ്റുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയികള്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു (7:157).സര്‍വലോകത്തിനും ജനവിഭാഗങ്ങള്‍ക്കും അന്നും ഇന്നും എന്നും അനുകരണീയനും മാര്‍ഗദര്‍ശകനുമാണ് നബി. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച പുണ്യപൂമാനാണ് അദ്ദേഹം.

പ്രവാചകന്റെ അധ്യാപനങ്ങള്‍ ലോകത്തിനാകമാനം നന്മ കാംക്ഷിച്ചു. നബിയുടെ സംഭവബഹുലമായ ജീവചരിത്രം പഠനവിധേയമാക്കിയ ലോക ചരിത്രപഠിതാക്കളും ചിന്തകന്മാരും സമ്പൂര്‍ണ മനുഷ്യന്‍ എന്ന നിലയ്ക്ക് പ്രവാചകവര്യനെ മറ്റു ചരിത്രപുരുഷന്മാരില്‍നിന്ന് മാറ്റിനിര്‍ത്തുന്നു.

ഭരണകര്‍ത്താവും നിയമനിര്‍മാതാവും  പടനായകനും കുടുംബനാഥനുമാണ് മുഹമ്മദ് നബി. മറ്റു മഹത്തുക്കള്‍ക്ക് എല്ലാ മനുഷ്യ കര്‍മമേഖലകളിലും അങ്ങനെ മാതൃകകള്‍ കാണിക്കാന്‍ ഒത്തില്ല. മക്കയില്‍നിന്നു മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകന്‍ ഒരു നഗരരാഷ്ട്രം സ്ഥാപിക്കുമ്പോള്‍ ആദ്യം ചെയ്തത് ആരാണ് പൗരന്മാര്‍ എന്നു വ്യക്തമാക്കുകയായിരുന്നു. നഗരവാസികള്‍ എല്ലാം മതവ്യത്യാസമില്ലാതെ പൗരന്മാരായി, സംരക്ഷിതരായി. ഹമ്മുറബിയുടെ നിയമസംഹിതപോലെയോ മാഗ്‌നാകാര്‍ട്ടപോലെയോ നാഗരികതയുടെ ചരിത്രത്തില്‍ മദീനാ പ്രഖ്യാപനം തിളങ്ങിനില്‍ക്കുന്നു. ചിന്തകരായ എച്ച് ജി വെല്‍സ്, തോമസ് കാര്‍ലൈല്‍, ബര്‍ണാഡ്ഷാ, ഡോക്ടര്‍ ആനിബസന്റ് തുടങ്ങി ഗാന്ധിജി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വരെയുള്ളവര്‍ ആ മഹത്വത്തിന് അടിവരയിടുന്നു.

സ്വന്തം മക്കളെ നബിയുടെ ജീവചരിത്രം പഠിപ്പിച്ച അബ്ദുല്ലാഹിബ്്‌നു മസ്ഊദ് തന്റെ സന്താനങ്ങളെ സദാ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു: ''പ്രിയ മക്കളേ, പ്രവാചകചരിത്രം അമൂല്യ സമ്പത്താണ്. നിങ്ങള്‍ അതിനെ മനസ്സില്‍ സൂക്ഷിച്ചുകൊള്ളുക.'' മനുഷ്യജീവിതത്തിന്റെ സമൂലഭാഗങ്ങളെയും സ്പര്‍ശിച്ച ഒരേയൊരു വ്യക്തി നബി മാത്രമായിരുന്നു. ഇബ്‌നു മസ്ഊദിന്റെ ഉപദേശം പിന്‍പറ്റിയാണ് റബീഉല്‍ അവ്വല്‍ സമാഗതമാവുമ്പോള്‍ ഒരു മാസം മുഴുവനും 'പ്രിയപ്പെട്ട നബി' എന്ന വിഷയം ആസ്പദമാക്കി ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവാചകസന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നബിയെ പിന്‍പറ്റുന്നതാണ് യഥാര്‍ഥ പ്രവാചകസ്‌നേഹം എന്ന വിഷയത്തില്‍ ഊന്നിനിന്നുകൊണ്ടാണ് ഈ വര്‍ഷം കാംപയിന്‍ നടക്കുന്നത്. നബിയുടെ സമ്പൂര്‍ണമായ ജീവിതത്തിലെ സുപ്രധാനങ്ങളായ അഞ്ചു കാര്യങ്ങളില്‍ കാംപയിന്‍ ഊന്നല്‍ കൊടുക്കുന്നു. സാമ്പത്തികവ്യവസ്ഥ, സാമൂഹികക്രമം, വിദ്യാഭ്യാസം, രാഷ്ട്രീയം, നിര്‍ഭയത്വം എന്നിവയാണ് അഞ്ചു വിഷയങ്ങള്‍. ഇവയെക്കുറിച്ചുള്ള സിംപോസിയങ്ങളും സെമിനാറുകളും കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. കേരളത്തില്‍ ഈ മാസം 14ാം തിയ്യതി മുതല്‍ ജനുവരി 13 വരെയാണ് കാംപയിന്‍ നടക്കുന്നത്. കാംപയിനിന്റെ ഉദ്ഘാടനം നാദാപുരത്ത് ഡിസംബര്‍ 14ാം തിയ്യതി തിങ്കളാഴ്ച നടക്കുന്നു.

(ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it