kozhikode local

നബിദിനാഘോഷം സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും നിദര്‍ശനമായി

കോഴിക്കോട്: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനം നാടെങ്ങും ആഘോഷമായി. വിശ്വാസികളുടെ പ്രവാചക സ്‌നേഹത്തിന്റെയും നാടിന്റെ മതേതരത്വത്തിന്റെയും നിദര്‍ശനമായിരുന്നു നഗരത്തിലെയും പരിസരങ്ങളിലെയും നബിദിനാഘോഷം.
ആഘോഷങ്ങളില്‍ മതത്തിന്റെ അതിരുകള്‍ മായ്ച്ച് കളയുന്ന കോഴിക്കോടന്‍ മനസ്സിന്റെ നന്‍മ വിളിച്ചോതുന്നതായിരുന്നു നഗരത്തിലെ ഘോഷയാത്രകളും അവക്ക് ലഭിച്ച ഹൃദ്യമായ സ്വീകരണങ്ങളും. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും മദ്രസകള്‍ കേന്ദ്രികരിച്ച് ആഘോഷങ്ങളും മധുരവിതരണവും വര്‍ണശബളമായ റാലികളും നടന്നു. പലയിടങ്ങളിലും മദ്രസവിദ്യാത്ഥികളുടെ കലാപരിപാടികളും ഉച്ചഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
ഫറോക്ക് അഴിഞ്ഞിലം മനാറുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച നബിദിന സന്ദേശ യാത്രക്ക് സൗഹൃദ വിരുന്നൊരുക്കി അയ്യപ്പ സേവാ സമിതി മാതൃകയായി. അഴിഞ്ഞിലം തളി മഹാ വിഷ്ണു ക്ഷേത്രത്തിന് സമീപം ശബരിമല തീര്‍ത്ഥാടകരായ അയ്യപ്പ ഭക്തര്‍ക്ക് അന്നദാനം നടത്തുന്ന സേവാ സമിതിയാണ് മദ്രസ വിദ്യാര്‍ഥികള്‍ക്ക് അഴിഞ്ഞിലം ബൈപ്പാസ് ജംഗ്ഷനില്‍ ഒരുക്കിയ സ്വീകരണ കേന്ദ്രത്തില്‍ പായസ വിതരണം നടത്തിയത്. സ്വീകരണ യോഗത്തില്‍ മഹല്ല് ഖത്വീബ് കരീം ദാരിമി, മഹല്ല് പ്രസിഡണ്ട് കെ പി അഷ്‌റഫ്, അയ്യപ്പ സേവാ സമിതി ചെയര്‍മാന്‍ ദാമോദരന്‍ മഞ്ചക്കല്‍, വാര്‍ഡ് അംഗം കെ പി അബ്ദുല്‍ അസീസ്, വി കുഞ്ഞാമു, സന്തോഷ് ക്ലാസിക്കല്‍, കൃഷ്ണന്‍ കോടിയാടന്‍ സംസാരിച്ചു. പെരിങ്ങോളം മുസ്—ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ദുര്‍ഗ്ഗാദേവി ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പായസം നല്‍കി.
ബേപ്പൂര്‍ മുദാക്കര മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. ഖത്തീബ് അബൂബക്കര്‍ സിദ്ധീഖ് ഫൈസി പതാകയുയര്‍ത്തി. പി അബൂബക്കര്‍, എം ബഷീര്‍ ഹാജി, സി ആലിക്കോയ, കെ പി റിയാസ് ഹാജി, സി മുസ്തഫ ഹാജി, അബ്ദുറസാഖ് മുസ്‌ല്യാര്‍, ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it