Kollam Local

നന്‍മയുടെ കൂട്ടായ്മയില്‍ കോട്ടാത്തലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുങ്ങുന്നു



കൊട്ടാരക്കര: ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും മനസ്സുവച്ചപ്പോള്‍ കോട്ടാത്തലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുങ്ങുന്നു. മൈലം ഗ്രാമപ്പഞ്ചായത്തിലെ കോട്ടാത്തല വലിയവീട് ഭാഗത്ത് സനിതാ മന്ദിരത്തില്‍ അനന്ദു(14)വിന്റെയും നന്ദു(12)വിന്റെയും ജീവിത ദുരിതങ്ങളറിഞ്ഞ് പഞ്ചായത്തിലെ ഇടതുപക്ഷ മെംബര്‍മാര്‍ നാലു ലക്ഷം രൂപ സ്വന്തമായി മുടക്കിയാണ് ആദ്യ വീട് നിര്‍മിക്കുന്നത്. ഒരു കിലോ മീറ്റര്‍ ദൂരത്തായുള്ള പത്തടി തടത്തില്‍ഭാഗം കാര്‍ത്തികയില്‍ രേവതിയ്ക്ക് വേണ്ടിയാണ് സിപിഎം കോട്ടാത്തല ലോക്കല്‍ കമ്മിറ്റിയുടെ ചുമതലയില്‍ രണ്ടാമത്തെ വീടും നിര്‍മിക്കുന്നത്. അച്ഛനും അമ്മയും അകാലത്തില്‍ മരിച്ചതോടെ ജീവിത ദുരിതങ്ങളുമായി പ്ലാസ്റ്റിക് ഷീറ്റ് മറച്ച ചെറിയ കൂരയ്ക്കുള്ളില്‍ കഴിയുകയായിരുന്നു അനന്ദുവും നന്ദുവും. മുത്തച്ഛനും മുത്തശ്ശിയും കൂട്ടിനുണ്ടെങ്കിലും പ്രായത്തിന്റെ അവശതകള്‍ ഇവരെയും ബാധിച്ചു. പുത്തനുടുപ്പും പുസ്തകവും വാങ്ങാന്‍ മാര്‍ഗ്ഗമില്ലാതെ സ്‌കൂളിലേക്ക് പോകേണ്ടിവന്ന ഈ കുട്ടികളുടെ ദുരിതമറിഞ്ഞാണ് കോട്ടാത്തലയിലെ സിപിഎം പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായെത്തിയത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും പഞ്ചായത്തിലെ ഇടത് മെംബര്‍മാര്‍ ഒന്നിച്ച് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മറ്റ് സഹായങ്ങളൊക്കെ ചെയ്ത് നല്‍കും. പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ രേവതിയും ജീവിത ദുരിതത്തിന്റെ നടുക്കടലിലായിരുന്നു. ചെറുതെങ്കിലും ഉണ്ടായിരുന്ന കിടപ്പാടം കഴിഞ്ഞ പെരുമഴക്കാലത്ത് മരം വീണ് പൂര്‍ണമായും നശിച്ചു. സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വീട് നിര്‍മാണത്തിന് തുടക്കമിട്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ പണി നിലച്ചു. ഇതിന്റെ നിര്‍മാണ ചുമതല സിപിഎം ഏറ്റെടുക്കുകയായിരുന്നു. ഏരിയാ കമ്മിറ്റി സെക്രട്ടറി എന്‍ ബേബി, ജില്ലാ കമ്മിറ്റി അംഗം വി രവീന്ദ്രന്‍ നായര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി അജീഷ് കൃഷ്ണ എന്നിവരടങ്ങുന്ന സംഘം രേവതിയുടെ വീട് നിന്നിരുന്ന സ്ഥലത്തെത്തിയാണ് വീട് നിര്‍മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. ഇതിന്റെ നിര്‍മാണ ജോലികള്‍ നാളെ തുടങ്ങും. അനന്ദുവിനും നന്ദുവിനും നിര്‍മിക്കുന്ന വീടിന് ഇന്നലെ മൈലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്‍ തറക്കല്ലിട്ടു. ഒന്നര മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it