kozhikode local

നന്മയുടെ നഗരത്തില്‍ വിശ്രമമില്ലാതെ ഡെയ്‌സി

കോഴിക്കോട്: മന്ത്രിയോട് ഏറ്റുമുട്ടാന്‍ എങ്ങിനെ ധൈര്യം വന്നു? വോട്ട് തേടിപ്പോവുന്ന ഡെയ്‌സി ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യം ഇതായിരിക്കും. ചോദ്യം ഏതായാലും പരിചയസമ്പന്നയായ രാഷ്ട്രീയ നേതാവിനെപ്പോലെ എല്ലാത്തിനും ഡെയ്‌സിക്ക് വ്യക്തമായ ഉത്തരമുണ്ട്. തിരഞ്ഞെടുപ്പില്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയായി എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഡെയ്‌സി ബാലസുബ്രഹ്മണ്യം വിശ്രമമെന്തെന്നറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ 4ന് എഴുന്നേറ്റ് ആറരയ്ക്ക് മുമ്പ് ഭര്‍ത്താവിന് ഉച്ചയ്ക്ക് കഴിക്കാന്‍ ഉള്ള ഭക്ഷണം വരെ മേശപ്പുറത്ത് തയ്യാറാക്കി വയ്ക്കും. വീട്ടിലെ കാര്യങ്ങളിലെല്ലാം പെയിന്റിങ് ജോലിക്കാരനായ ഭര്‍ത്താവ് സഹായിക്കും. എന്നാല്‍, അവരെ ബുദ്ധിമുട്ടിക്കാതെ ജോലികളെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യാനാണ് ഇഷ്ടമെന്നും ഈ വീട്ടമ്മ പറയുന്നു. 12 വയസ്സുകാരിയായ ഏകമകളെ മണാശ്ശേരിയില്‍ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം നിര്‍ത്തിയാണ് പ്രചാരണത്തിനിറങ്ങുന്നത്.
രാവിലെ എട്ട് മണിയോടെ സാധാരണക്കാരന്റെ പരാതിയും പരിഭവവും കേട്ട്, അവര്‍ക്ക് ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞ് ചരിത്രമുറങ്ങുന്ന കോഴിക്കോടിന് കാലം കാത്തു വച്ച പുതിയ ചരിതം രചിക്കാന്‍ മുന്നണിപ്പോരാളിയാവാന്‍ കഴിഞ്ഞതിലെ ആശ്വാസവുമായി അങ്ങാടികളും വീടുകളും കയറിയിറങ്ങിയുള്ള യാത്ര ആരംഭിക്കും. ഞായറാഴ്ച രാവിലെ അറബിക്കടലിലെ കുളിര്‍കാറ്റിന്റെ തലോടലേറ്റ് കപ്പക്കല്‍ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നെ പയ്യാനക്കല്‍, ചക്കുംകടവ്, കോതിപ്പാലം വഴി കുറ്റിച്ചിറയിലേക്ക്. നേരില്‍ കാണാവുന്നവരെ നേരില്‍ക്കണ്ടും കവലകളില്‍ പൈലറ്റ് വാഹനത്തിലെ മൈക്കിലും വോട്ടഭ്യര്‍ഥിച്ച് ഉച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ ഭക്ഷണവും അല്‍പം വിശ്രമവും.
ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീണ്ടും പ്രചാരണം. ഉമ്മളത്തൂരിലും കോവൂരും മേത്തോട് താഴത്തുമെല്ലാം വീടുകളില്‍ കയറി കുശലാന്വേഷണവും വോട്ടുപിടിത്തവും. കുടിവെള്ള പ്രശ്‌നം മുതല്‍ മാലിന്യം കൊണ്ടുള്ള ദുരിതം വരെ ഓരോരുത്തര്‍ക്കും പറയാനുള്ളത് വ്യത്യസ്തമായ നൂറു കൂട്ടം പരാതികള്‍. എല്ലാറ്റിനും പരിഹാരക്കുണ്ടാക്കാന്‍ ശ്രമിക്കാമെന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നിങ്ങളിലൊരാളായ് കൂടെയുണ്ടാവുമെന്നുമുള്ള ഉറപ്പ് നല്‍കി പുഞ്ചിരിയോടെ അടുത്ത കേന്ദ്രത്തിലേക്ക്. രാത്രി കൊമ്മേരിയില്‍ കുടുംബ സംഗമം. സംഗമം പൊടിപൊടിക്കെ മലയാളിയുടെ മനമുരുകിയുള്ള പ്രാര്‍ഥനയ്ക്ക് പ്രതിഫലമെന്നോണം കുളിര് കോരി വിതറി നല്ലൊരു മഴ. മണ്ണും മനസ്സും മഴയുടെ വശ്യതയില്‍ മതിമറന്നിരിക്കുന്നതിനിടയില്‍ കാതും കണ്ണുമടപ്പിച്ച് ഇടിയും മിന്നലും. മുന്‍കരുതലെടുത്തിട്ടില്ലാതിരുന്നതിനാല്‍ പരിപാടിക്ക് ചെറിയൊരു ഭംഗം നേരിട്ടു. മഴയടങ്ങി പരിപാടി കഴിയുമ്പോള്‍ രാത്രി 11 മണി. പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലേക്ക് മടക്കം.
കര്‍മനിരതരായ സുഹറാബി, സജ്‌ന കബീര്‍, കെ കെ കബീര്‍, റിയാസ് പയ്യാനക്കല്‍, ജാഫര്‍ പുതിയ കത്ത്, റഫീഖ് കൊമ്മേരി, സൈനുദീന്‍ ഉമ്മളത്തൂര്‍, സക്കീര്‍ ആനമാട്, ഷബീര്‍ കിണാശ്ശേരി തുടങ്ങി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡെയ്‌സിക്കൊപ്പം എപ്പോഴുമുണ്ടാവും.
Next Story

RELATED STORIES

Share it