നദീസംയോജനം കേരളത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കില്ല

ന്യൂഡല്‍ഹി: പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീജല സംയോജന പദ്ധതി കേരളത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കില്ലെന്ന് കേന്ദ്ര ജലവിഭവ- നദീജല മന്ത്രി ഉമാഭാരതി ഡല്‍ഹിയില്‍ നടന്ന വാട്ടര്‍ ഡെവലപ്‌മെന്റ് ഏജന്‍സി അഞ്ചാമത് യോഗത്തില്‍ ഉറപ്പുനല്‍കിയതായി സംസ്ഥാന ജലവിഭവമന്ത്രി മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ കേരളം തങ്ങളുടെ നിലപാടില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് തമിഴ്‌നാടിന്റെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഈ പദ്ധതിക്കായി കേന്ദ്രത്തില്‍ തമിഴ്‌നാട് നിരവധി തവണ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ശുദ്ധജല വിതരണത്തിനായി സംസ്ഥാനത്തിന് അനുവദിച്ച തുക വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്ന് ഗ്രാമവികസനമന്ത്രി ചൗധരി ബീരേന്ദ്ര സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
2012-13ല്‍ 170 കോടി നല്‍കിയിരുന്നത് 2015-16ല്‍ 45 കോടിയായാണു വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇതുമൂലം 60 ശതമാനം ജനങ്ങള്‍ക്കെങ്കിലും ശുദ്ധജലമെത്തിക്കാനുള്ള പദ്ധതിയാണ് തടസ്സപ്പെടാന്‍ പോവുന്നത്. കേരളം 185 ശുദ്ധജല വിതരണ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന് 2040 കോടി ആവശ്യമുണ്ട്. 1188 കോടിയെങ്കിലും സംസ്ഥാനത്തിനു ലഭിച്ചാല്‍ മാത്രമേ ഇതു പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് 241 കോടി കരാറുകാര്‍ക്കു നല്‍കാനുണ്ട്.
ഗ്രാമങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി—ക്കുള്ള ധനസഹായം വെട്ടിക്കുറച്ചതും പുതിയ പദ്ധതികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതും കേരളത്തെ ബാധിക്കുന്നതാണ്. ഇതിനായി പ്രതിവര്‍ഷം 200 കോടിയെങ്കിലും അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ടിനുള്ള സാധ്യത തള്ളിക്കളയാനാവില്ല
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. പുതിയ അണക്കെട്ടിന്റെ ചെലവ്, സാങ്കേതിക കാര്യങ്ങള്‍ തുടങ്ങിയവയില്‍ പഠനം ആവശ്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടു തന്നെയാണ് തനിക്കുമുള്ളത്. ഡാമിനു ബലക്ഷയമുണ്ടെന്ന് കോടതിയില്‍ സ്ഥാപിക്കാന്‍ നമുക്കു കഴിഞ്ഞില്ല. എന്നാല്‍, ഏകപക്ഷീയമായി ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ നീക്കം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it