നദീതട സംരക്ഷണം, മണല്‍ഖനന നിയന്ത്രണം: സര്‍ക്കാര്‍ പരാജയമെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: നദീതട സംരക്ഷണത്തിലും മണല്‍ഖനനം നിയന്ത്രിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട്. പൊതുലേലം നടത്താതെ മണല്‍ കുറഞ്ഞ നിരക്കില്‍ വിപണനം നടത്തിയത് മൂലം കോടികളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഓഡിറ്റിനായി തിരഞ്ഞെടുത്ത കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മാത്രമായി 115.2 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2010-15 കാലയളവില്‍ നാല് ജില്ലകളിലായി 60 ലക്ഷം ടണ്‍ മണലാണ് വിപണനം നടത്തിയത്. കേരളത്തില്‍ 44 നദികളില്‍ ഒമ്പതെണ്ണത്തിലെ മണല്‍ വിപണനത്തെക്കുറിച്ചുള്ള കണക്കിലാണ് ഇത്രയും കുറവെന്നതും ശ്രദ്ധേയമാണ്. മറ്റു 10 ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നഷ്ടത്തിന്റെ തോത് ഭീകരമാവും. പൊതുലേലത്തിലൂടെ മണലിന്റെ വില നിശ്ചയിക്കാന്‍ സാന്‍ഡ് ആക്ട് കടവ് കമ്മിറ്റികളെ അധികാരപ്പെടുത്തുന്നുണ്ടെങ്കിലും ഒരു ജില്ലയിലും പൊതുലേലം നടത്തിയിട്ടില്ല. 2010-15 കാലയളവില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മണല്‍ വില നിശ്ചയിച്ചതില്‍ കൂലിച്ചെലവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സാന്‍ഡ് ആക്ടില്‍ വിഭാവനം ചെയ്തതുപോലെ പൊതുലേലത്തെ ആശ്രയിക്കാത്തതിന്റെ പരാജയം സര്‍ക്കാര്‍ അംഗീകരിച്ചു.
കണ്ടുകെട്ടിയ മണലിന്റെ വില്‍പനയിലും സംസ്ഥാന സര്‍ക്കാര്‍ കൃത്യവിലോപം നടത്തിയതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ജൂണ്‍ 2010നും ജൂലൈ 2011നും ഇടയിലും നവംബര്‍ 2012നും മാര്‍ച്ച് 2013 നും ഇടയിലുള്ള കാലയളവില്‍ വ്യവസ്ഥ ചെയ്ത വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കണ്ടുകെട്ടിയ മണല്‍ വിപണനം നടത്തിയത് മൂലം 1.63 കോടി വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. കൊല്ലം, മലപ്പുറം ജില്ലകളിലാണ് കണ്ടുകെട്ടിയ മണല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിപണനം നടത്തിയത്. എറണാകുളം ജില്ലയില്‍ കണ്ടുകെട്ടിയ മണല്‍ പിഡബ്ല്യുഡി നിരക്കുകളുമായി താരതമ്യം ചെയ്യാവുന്ന നിരക്കിലാണ് വിപണനം നടത്തിയത്. ടണ്ണിന് 822 രൂപയെന്ന പിഡബ്ല്യുഡി നിരക്കില്‍ കണ്ടുകെട്ടിയ മണല്‍ വിപണനം നടത്താമെന്നരിക്കെ കൊല്ലം ജില്ലയില്‍ ടണ്ണിന് 634 രൂപ നിരക്കിലാണ് വിപണനം നടത്തിയത്. മലപ്പുറം ജില്ലയില്‍ ജില്ലാകലക്ടര്‍ ചെയര്‍മാനായ ജില്ലാ നിര്‍മിതി കേന്ദ്രം ടണ്ണിന് 535 രൂപ നിരക്കിലാണ് മണല്‍ വിപണനം നടത്തിയത്.
നദികളുടെ സംരക്ഷണത്തിന് റിവര്‍മാപ്പിങും സാന്‍ഡ് ഓഡിറ്റും നടത്തണമെന്ന് ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഓഡിറ്റ് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it