Flash News

നദീജല കേസുകള്‍ക്ക് ഫലപ്രദമായ ഇടപെടലുണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ജലസുഭിക്ഷ സംസ്ഥാനമല്ലെന്നും സംസ്ഥാനത്തിന് അര്‍ഹമായ ജലം ലഭ്യമാക്കുന്നതിന് ഗൗരവപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന പൊതുസമീപനം നമുക്കുണ്ടാവണം. അന്തര്‍സംസ്ഥാന നദീജല കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന താല്‍പര്യം എല്ലാ അര്‍ഥത്തിലും സംരക്ഷിക്കുമെന്ന് ഉറപ്പുള്ള ഏറ്റവും പ്രഗല്ഭരായ സുപ്രിംകോടതി അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്. അവരെ സഹായിക്കാന്‍ പരിചയസമ്പന്നരായ അഭിഭാഷകരെ സംസ്ഥാനത്തും നിയോഗിക്കും. ഇതു കൂടാതെ സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥര്‍ തമ്മിലും നടത്തേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായി നടക്കണമെന്നും സംസ്ഥാന താല്‍പര്യം സംരക്ഷിക്കലാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന നദീജല കരാറുകളും നദീജല വിഷയങ്ങളും കേരളത്തിനുള്ള ജലലഭ്യതയും സംബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്കു പോവാതെ മാന്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നു അദ്ദേഹം പറഞ്ഞു. നദീജലം സംബന്ധിച്ചു കോടതിയിലും പുറത്തുമുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ച് അവകാശപ്പെട്ട ജലം നേടിയെടുക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it