kozhikode local

നദികളുടെയും തോടുകളുടെയും പുറമ്പോക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന്‌



കോഴിക്കോട്: സംസ്ഥാനത്തെ നദികളുടെയും തോടുകളുടെയും സംരക്ഷണത്തിന് അവയുടെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് സംരക്ഷിക്കാന്‍ നടപടി വേണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍. തീര സംരക്ഷണം ഉറപ്പു വരുത്താതെ നദികളുടെ നിലനില്‍പ്പ് ഉറപ്പാക്കാനാവില്ല. തീരം കെട്ടി സംരക്ഷിക്കുന്നത് പലപ്പോഴും പുറമ്പോക്ക് കൈയേറ്റക്കാര്‍ക്ക് സഹായകരമാവുകയാണ് ചെയ്യുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലും ഏറ്റവും ശാസ്ത്രീയമായ രീതിയിലും നദികളെ സംരക്ഷിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പുഴകളുടെ സംരക്ഷണവും നദീതട പരിപാലനവും സംബന്ധിച്ച് കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച മേഖലാ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുര്യന്‍. നദീതീര സംരക്ഷണ, മണല്‍ വാരല്‍ നിയന്ത്രണ നിയമം 2001 ല്‍ കേരളം പാസാക്കിയെങ്കിലും നദീ സംരക്ഷണം എവിടെയും എത്തിയിട്ടില്ല. അശാസ്ത്രീയമായ മണലെടുപ്പ് നമ്മുടെ പുഴകളുടെ നിലനില്‍പിനു തന്നെ ഭീഷണിയായിരിക്കുകയാണ്. നദീ സംരക്ഷണത്തിന് പൊതു സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത വേണമെന്നും കുര്യന്‍ പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജയിംസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട്് ജില്ലാ കലക്ടര്‍ യു വി ജോസ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ഐഎല്‍ഡിഎം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ഡി സജിത്ത് ബാബു, അസി. കലക്ടര്‍ സ്‌നേഹില്‍ സിംഗ് പങ്കെടുത്തു. ശില്‍പശാലയില്‍ ഡോ. ശ്രീകുമാര്‍ ചാതോപാധ്യായ, ഇ എസ് സന്തോഷ് കുമാര്‍, ഡോ. കെ ജെ ജോര്‍ജ്, കെ രാജീവ് ക്ലാസെടുത്തു. സംസ്ഥാനത്തെ നിര്‍ജീവമായ നദികളെ പുനരുജ്ജീവിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണ് നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാതല വിദഗ്ധ സമിതി അംഗങ്ങള്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ശില്പശാല നടത്തുന്നത്. മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ വിദഗ്ധ സമിതി അംഗങ്ങളാണ് കോഴിക്കോട് നടന്ന ശില്‍പശാലയില്‍ പങ്കെടുത്തത്.  വിശദമായ ചര്‍ച്ചകള്‍ക്ക്  ശേഷം നദീ സംരക്ഷണത്തിനായി നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ ശില്‍പശാലയില്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it