kannur local

നടുവില്‍ സംഘര്‍ഷം; മൂന്നു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നടുവിലില്‍ കഴിഞ്ഞ ദിവസമുണ്ടായ മുസ്‌ലിം ലീഗ്-സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കുടിയാന്‍മല പോലിസ് അറസ്റ്റ് ചെയ്തു. നടുവില്‍ കറുത്താണ്ടീരകത്ത് അന്‍സില്‍, സി പി സുലൈമാന്‍, മുഹമ്മദ് എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി വി ലതീഷും സംഘവും പിടികൂടിയത്. സിപിഎം പ്രകടനത്തിനുനേരെ ബോംബെറിയുകയും ജില്ലാ സെക്രട്ടേറിയറ്റംഗം കെ എം ജോസഫിനു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണു നടപടി.
മുസ്‌ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന യൂത്ത് ലീഗ് മുന്‍ സംസ്ഥാന നേതാവ് മൂസാന്‍കുട്ടി നടുവിലിനെ അക്രമിച്ച കേസില്‍ വൈദ്യരകത്ത് ഇര്‍ഷാദ്, പുതിയപുരയില്‍ ഷക്കീര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു. സഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ചു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ ലൂര്‍ദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരാതിയില്‍ ഉടന്‍ കേസെടുക്കും.
അതേസമയം, നടുവില്‍ മദ്‌റസ അക്രമിക്കപ്പെട്ട സംഭവത്തില്‍ മഹല്ല് കമ്മിറ്റിയും സിപിഎമ്മും പോലിസില്‍ പരാതി നല്‍കി. പള്ളിക്കുനേരെ ബോംബേറും കല്ലേറും നടത്തിയത് കണ്ടാലറിയുന്ന 10 പേരാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ പരാതിയിലുള്ളത്.
എന്നാല്‍ സിപിഎം നല്‍കിയ പരാതിയില്‍ മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ കല്ലേറ് നടത്തിയെന്നാണ് ആരോപണം. അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരായ കെ എം ജോസഫ്, വിളക്കന്നൂര്‍ സ്വദേശികളായ ചാപ്പന്റകത്ത് ഫാസില്‍ (24), കിഴക്കുമ്പാട് റമീസ് (19) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവര്‍ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ കളരിക്കുന്നില്‍ ജാഫര്‍ (22), സി പി അബൂബക്കര്‍ (52), പി റഷീദ് (27), കുട്ടിപ്പള്ളീരകത്ത് സൈനുദ്ദീന്‍ (46), സി എച്ച് സജ്ജാദ് എന്നിവരാണ് ലൂര്‍ദ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
Next Story

RELATED STORIES

Share it