kannur local

നടുവില്‍ വീണ്ടും അക്രമം; കനത്ത പോലിസ് സുരക്ഷ

തളിപ്പറമ്പ്: സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷം അരങ്ങേറിയ നടുവിലില്‍ വീണ്ടും അക്രമം. ഒരു സിപിഎം പ്രവര്‍ത്തകനും മൂന്ന് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ബോംബേറ് കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കുടിയാന്‍മല പോലിസ് അറസ്റ്റ് ചെയ്തു.
സിപിഎം പ്രവര്‍ത്തകന്‍ സി ഹാരിസിനെ ഇന്നലെ രാവിലെ 8.30ഓടെ അക്രമിച്ചെന്നാണു പരാതി. പത്രവിതരണത്തിനിടെ നടുവില്‍ ഗവ.ആശുപത്രിക്ക് സമീപം ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് സമീപത്തെ ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. ഹാരിസ് ഓടിച്ച ബൈക്ക് തകര്‍ക്കുകയും ചെയ്തു. മുസ്‌ലിംലീഗുകാരായ മുഹമ്മദ് കുഞ്ഞി, സൈനുദ്ദീന്‍, ബഷീര്‍, റഷീദ്, നൗഷാദ് തുടങ്ങിയവര്‍ ആക്രമിച്ചെന്നാണ് പരാതി.
പരിക്കേറ്റ ഹാരിസിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോളമാണ് ശാഖാ നേതാക്കളായ കെ മുഹമ്മദ് കുഞ്ഞി(51), കെ സൈനുദ്ദീന്‍(46), സി പി അബൂബക്കര്‍(52) എന്നിവര്‍ക്കു മര്‍ദനമേറ്റത്. നടുവില്‍ പഞ്ചായത്ത് ഓഫിസ് റോഡിന് സമീപം ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണു പരാതി. വിവരമറിഞ്ഞെത്തിയ പോലിസ് മൂന്ന് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ബോംബേറിലെ പ്രതിയാണ് ഇവരെന്ന് ആരോപിച്ചാണ് പോലിസ് നടപടി. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it